ചരിത്ര വിസ്മയമൊരുക്കി ഉദയഗിരി സെൻ്റ് മേരിസ് യുപി സ്കൂളിലെ പുരാവസ്തു പ്രദർശനം
ഉദയഗിരി സെ.മേരിസ് യുപി സ്കൂളിൽ സംഘടിപ്പിച്ച പുരാവസ്തു പ്രദർശനം കുട്ടികളുടെ മുൻപിൽ അത്ഭുത കാഴ്ചയായി. കുട്ടികളും രക്ഷിതാക്കളും ചേർന്ന് ശേഖരിച്ച വിവിധ ചരിത്ര വസ്തുക്കൾ ആണ് പ്രദർശനത്തിന് എത്തിച്ചത്. നൂറുകണക്കിന് വർഷങ്ങൾക്കു മുൻപ് ശവസംസ്കാരത്തിൽ ഉപയോഗിച്ചിരുന്ന നന്നങ്ങാടി മുതൽ ഓട്ടക്കാലണ വരെ 600 അധികം വസ്തുക്കൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. മനുഷ്യൻ താണ്ടിയ ചരിത്ര നാഴികക്കല്ലുകൾ അടുത്തറിയുക എന്നതിനൊപ്പം പാഠഭാഗത്തെ അറിവുകൾ തങ്ങളുടെ മുന്നിലേക്ക് നേരിട്ട് എത്തുക എന്നത് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു.
നന്നങ്ങാടി,ഉലക്ക,കിണ്ടി മൊന്ത,റാന്തൽ ഓട്ടക്കാലണ മുതലുള്ള പുരാതന നാണയങ്ങൾ, സ്റ്റാമ്പുകൾ, ഭരണികൾ, ചെമ്പുപാത്രങ്ങൾ കൽ വിളക്ക്, ഓട്ടു വിളക്ക്, കല്ലുകൊണ്ടുള്ള ഭരണികൾ കുട്ട, വട്ടി,മുറം, വിവിധതരത്തിലുള്ള അച്ചുകൾ തുടങ്ങി 600 ലധികം ചരിത്ര വസ്തുക്കൾ ആണ് അറിവായി കുരുന്നുകളുടെ മുൻപിലേക്ക് എത്തിയത്.
ഓരോ വസ്തുവിനോടൊപ്പം തയ്യാറാക്കിയിരുന്ന ലഘുക്കുറിപ്പുകൾ അവയെ കൂടുതൽ അറിയാനും മനസ്സിലാക്കാനും സംശയദൂരീ കരണത്തിനും ഒക്കെ കുട്ടികളെ സഹായിച്ചു.
നിരവധി വർഷങ്ങൾ കൊണ്ട് അടുത്തറിയുകയും പഠിക്കുകയും ചെയ്യുന്ന കാര്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട് എന്നാണ് കുട്ടികൾ അഭിപ്രായപ്പെട്ടത്
ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ 300കുട്ടികളും രക്ഷിതാക്കളുമാണ് പ്രദർശന സ്റ്റാളിലേക്ക് എത്തിയത്.
പുരാവസ്തു പ്രദർശനം സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ.ജെഫിൻ പാലിയത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജിൻസ് ജോസ് ,അധ്യാപകരായ ജെബിൻ ജേക്കബ്,പ്രിയ ബേബി, അനി വർഗീസ്, ലൗലി ഫ്രാൻസിസ് എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി.