ഇടുക്കി അണക്കരയിൽ പതിനാറുകാരനെ മർദ്ദിച്ച അമ്മയുടെ സുഹൃത്തിനെ വണ്ടന്മേട് പോലീസ് അറസ്റ്റു ചെയ്തു. അണക്കര പുത്തൻപുരക്കൽ അജിത്ത് ആണ് പിടിയിലായത്.
ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. അണക്കരയിൽ പതിനാറുകാരനും അമ്മയും താമസിക്കുന്ന വാടക വീട്ടിലെത്തിയാണ് അജിത് കുട്ടിയെ മർദ്ദിച്ചത്. ഭർത്താവ് മരിച്ചതിനു ശേഷമാണ് അജിത്തും പതിനാറുകാരൻറെ അമ്മയും സുഹൃത്തുക്കളായത്. ഇടക്കിടെ ഇവരുടെ വീട്ടിൽ ഇയാളെത്താറുണ്ടായിരുന്നു. കുട്ടി അടുത്തയിടെ ഇത് പലതവണ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഇക്കാര്യത്തെച്ചൊല്ലി അമ്മയുമായി വഴക്കുണ്ടായി. ഇതറിഞ്ഞാണ് അജിത് രാത്രി വീട്ടിലെത്തിയത്. ഈ സമയം പതിനാറുകാരനും സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു. അജിത് കുട്ടി മർദ്ദിക്കുകയും ഇഷ്ടിക കൊണ്ട് എറിയുകയും കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. പരുക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയുടെ പരാതിയെ തുടർന്നാണ് പോലീസ് അജിതിനെ കസ്റ്റഡിയിൽ എടുത്തത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.