വോട്ടര്‍ പട്ടിക പുതുക്കല്‍; ജനുവരി 16 വരെ അപേക്ഷ സ്വീകരിക്കും


സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ആകസ്മിക ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ ജി 7 മൂന്നാര്‍ പഞ്ചായത്തിലെ 11-മൂലക്കട, 18-നടയാര്‍ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നു. പ്രസ്തുത വാര്‍ഡുകളിലെ കരട് വോട്ടര്‍ പട്ടിക ജനുവരി 1ന് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്തിലെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയക്ടര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനുവരി 10ന് യോഗം ചേര്‍ന്നിരുന്നു. വോട്ടര്‍പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും അപേക്ഷകളും
ജനുവരി 16 വരെ സ്വീകരിക്കും. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ തുടര്‍നടപടി സ്വീകരിച്ച് അപ്ഡേഷന്‍ പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍ പട്ടിക ജനുവരി 25ന് പ്രസിദ്ധീകരിക്കും. യോഗ്യത തീയതിയായി നിശ്ചയിച്ചിട്ടുള്ള ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് തികഞ്ഞവരെ മാത്രമാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അനര്‍ഹരായ വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലായെന്നും അര്‍ഹരായ വോട്ടര്‍മാര്‍ ഒഴിവാക്കപ്പെട്ടിട്ടില്ലെന്നും ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടര്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വോട്ടര്‍ പട്ടിക പുതുക്കല്‍ സംബന്ധിച്ച വിവരങ്ങളും വോട്ടര്‍പട്ടികയുടെ അടിസ്ഥാനപട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ചുകൊണ്ടുള്ള ഏകീകൃത വോട്ടര്‍പട്ടികയും കമ്മിഷന്റെ www.sec.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്.