കട്ടപ്പന നഗരസഭയിൽ ഭരണസ്തംഭനം എന്നത് അടിസ്ഥാനരഹിതമാണെന്ന് ചെയർപേഴ്സൺ ബീനാ ജോബി
കട്ടപ്പന നഗരസഭയിൽ ഭരണസ്തംഭനം എന്നത് അടിസ്ഥാനരഹിതമാണെന്ന് ചെയർപേഴ്സൺ ബീനാ ജോബി, മുൻ ചെയർമാൻമാരായ ജോണി കുളംപള്ളി, ജോയി വെട്ടിക്കുഴി എന്നിവർ അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ നടത്തിക്കൊണ്ട് പോകുവാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇതിൽ വിളറി പൂണ്ട ചില രാണ് ആരോപണവുമായി ഇപ്പോൾ വന്നിരിക്കുന്നതെന്നുംഇവർ പറഞ്ഞു.
അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ ഒരുക്കിയാണ് നഗരസഭ 100 കിടക്കകളുള്ള ആശുപത്രി സേവനങ്ങൾ ലഭ്യമാക്കി ഡി.സി.സി സെന്റർ ഒരുക്കിയത്. ഇവിടെ 20 ലക്ഷം രൂപയോളം നഗരസഭ ഇതിനോടകം ചെലവഴിച്ചു. കൂടാതെ 24 മണിക്കൂറും പ്രവർത്തിച്ചുവരുന്ന നഗരസഭയുടെ കോവിഡ് ഹെൽപ്പ് ഡെസ്ക് വളരെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. ആംബുലൻസും മറ്റ് അനുബന്ധ സൗകര്യങ്ങളും നഗരസഭ മുൻകൈ എടുത്ത് ഒരുക്കിയിട്ടുണ്ടെന്നും ചെയർപേഴ്സൺ ബീനാ ജോബി പറഞ്ഞു.
പൾസ് ഓക്സീമീറ്റർ ചലഞ്ചിലൂടെ എല്ലാ വാർഡുകളിലേയ്ക്കും പൾസ് ഓക്സിമീറ്ററുകൾ എത്തിച്ചുനൽകിയിട്ടുണ്ട്.പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കുള്ള തുകയും, ക്ഷീരകർഷകർക്ക് ഇൻസെന്റീവ് ഇനത്തിലുള്ള തുകയും പൂർണ്ണമായും കൊടുത്ത് തീർക്കുവാൻ നഗരസഭാ ഭരണസമിതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. . കോവിഡ് മഹാമാരി പടർന്ന് പിടിച്ചിരിക്കുന്ന ഈക്കാലത്ത് ഡി.പി.സി യോഗം കൂടാത്തതിനാലാണ് സ്പിൽ ഓവർ പദ്ധതികൾ പൂർത്തിയാക്കാൻ സാധിക്കാത്തത്. ആയതിൽ നഗരസഭാ ഭരണസമിതിയുടെ ഭാഗത്തുനിന്നും യാതൊരുവിധ വീഴ്ച്ചയും ഉണ്ടായിട്ടില്ലായെന്നും കൗൺസിലർ ജോയി വെട്ടിക്കുഴി പറഞ്ഞു.
എല്ലാ അംഗങ്ങളെയും സഹകരിപ്പിച്ചുപോകുവാനാണ് ഭരണസമിതി ശ്രമിക്കുന്നത്. 7 തവണ തുടർച്ചയായി കൗൺസിൽ യോഗം ചേർന്നില്ലായെന്ന ആരോപണം ശുദ്ധ അസംബന്ധമാണെന്നും കൗൺസിലർ ജോണികുളം പളളി പറഞ്ഞു.
28/5/2021 ൽ ഓൺലൈനായി കൗൺസിൽ യോഗം ചേർന്നിട്ടുള്ളതും യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ തന്നെ ഇപ്രകാരം ഒരു ആരോപണം ഉന്നയിച്ചത് തികച്ചും വിചിത്രമാണ്.
കോവിഡ് മഹാമാരിക്കാലത്തും നഗരസഭാ ഭരണസമിതിയുടെ കാര്യക്ഷമമായ പ്രവർത്തനംമൂലം നികുതി കുടിശിക ഉൾപ്പടെ 5 കോടിയോളം രൂപ പിരിച്ചെടുക്കുവാൻ നഗരസഭയ്ക്ക് സാധിച്ചിട്ടുണ്ട്. യഥാർത്ഥ വസ്തുതകൾ ഇതായിരിക്കെ ഭരണസമിതിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ചില വ്യക്തികളും, സംഘടനകളും നടത്തുന്ന് പ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും നേതാക്കൾ അറിയിച്ചു.