മാങ്കുളത്തെ ഫോറസ്റ്റ് അതിക്രമം, ജനങ്ങളോടുള്ള വെല്ലുവിളി കത്തോലിക്ക കോൺഗ്രസ്
മാങ്കുളത്ത് വനം വകുപ്പ് നടത്തിയ അതിക്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഇടുക്കി രൂപതാ സമിതി ആരോപിച്ചു.അതിക്രമത്തിനു പിന്നിൽ വനംവകുപ്പിന്റെ ഹിഡൻ അജണ്ട ഉണ്ട് എന്നത് തർക്കമറ്റ സംഗതിയാണ്.വർഷങ്ങൾക്കു മുൻപ് പട്ടയ ഭൂമിയിലും പുറമ്പോക്കിലുമായി ബ്ലോക്ക് പഞ്ചായത്ത് എല്ലാ നടപടിക്രമങ്ങളും പാലിച്ച് നിർമ്മിച്ച പവലിയൻ വനം വകുപ്പ് ഏറ്റെടുക്കാൻ ബോധപൂർവ്വം ശ്രമം നടത്തുന്നതാണ് ഇപ്പോൾ ഉണ്ടായ പ്രശ്നങ്ങളുടെ അടിസ്ഥാനം.ഒരു വർഷത്തിലധികമായിപഞ്ചായത്ത് അധികൃതരുടെ മേൽനോട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കുമായി തുറന്നു കൊടുത്തിട്ടുള്ള പവലിയൻ പ്രവർത്തിക്കുന്നത് ഫോറസ്റ്റ് അധികൃതരുടെ ഓഫീസിന് തൊട്ടടുത്താണ്. ഇത്രനാളും ഇല്ലാതിരുന്ന ആക്ഷേപം ഇപ്പോൾ വനംവകുപ്പധികാരികൾക്ക് എങ്ങനെ ഉണ്ടായി എന്ന് അധികൃതർ വ്യക്തമാക്കണംമാങ്കുളം പ്രദേശമാകെ വനമാക്കി തീർക്കാൻ വർഷങ്ങളായി വനം വകുപ്പ് നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയായി മാത്രമേ ഇപ്പോഴുള്ള പ്രശ്നങ്ങളെ കാണാൻ കഴിയുകയുള്ളൂ. മലയോര ഹൈവേ മാങ്കുളത്തു കൂടി കടന്നുപോകുന്നത് ഒഴിവാക്കാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചിട്ട് വർഷങ്ങളായി. നാല് പതിറ്റാണ്ടുകളായി ജനം നടന്നുപോയിരുന്ന റോഡിൽ ട്രഞ്ച് കുഴിച്ച് മാർഗ്ഗ തടസ്സം സൃഷ്ടിച്ചിരുന്നതും ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നാമമാത്രമായ തുക നൽകി പട്ടയഭൂമിയിൽ നിന്നും കർഷകരെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നതും ഇതിന്റെ ഭാഗമായി മാത്രമേ കാണാൻ കഴിയുകയുള്ളൂ. ജനപ്രതിനിധികളെയും നാട്ടുകാരെയും കയ്യേറ്റം ചെയ്ത മാങ്കുളം ഡി.എഫ്. ഓ യ്ക്ക് സ്ഥലം മാറ്റം നൽകി ജില്ലയിൽ നിന്നും ഒഴിവാക്കണം. പ്രദേശവാസികൾക്കെതിരെ എടുത്തിരിക്കുന്ന കള്ളക്കേസ് പിൻവലിക്കുകയും ഫോറസ്റ്റ് അധികൃതരുടെ മേൽ കേസെടുത്ത് നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് കത്തോലിക്കാ കോൺഗ്രസ് രൂപത സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ ജനാധിപത്യ മര്യാദകളും നിയമവ്യവസ്ഥകളും കാറ്റിൽ പറത്തി ധാർഷ്ട്യം പുലർത്തുന്ന വനംവകുദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ സർക്കാരിന് കഴിയണം. കക്ഷി രാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി മാങ്കുളത്തെ ജനങ്ങൾ സംഘടിച്ച് മുന്നോട്ടുവയ്ക്കുന്ന ഈ ആവശ്യങ്ങൾക്ക് ഒപ്പം നിൽക്കാൻ സർക്കാർ തയ്യാറാകണം. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡണ്ട് ജോർജ് കോയിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മാങ്കുളത്തെ വനം വകുപ്പ് അതിക്രമങ്ങളിൽ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മാങ്കുളം ജനതയ്ക്ക് കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപതാ സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജനപക്ഷത്തുനിന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. യോഗത്തിൽ രൂപത ഡയറക്ടർ ഫാദർ ഫ്രാൻസിസ് ഇടവകണ്ടം ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ ട്രഷറർ ബേബി കൊടകല്ലിൽ, ജോസഫ് കുര്യൻ ഏറമ്പടം, വി ടി തോമസ്, ആഗ്രസ് ബേബി, കുഞ്ഞമ്മ ചെറിയാൻ,ജോസ് തോമസ് ഒഴുകയിൽ, സാബു തോമസ്, ആദർശ് മാത്യു സെസിൽ ജോസ് തോമസ് മാടവന തുടങ്ങിയവർ പ്രസംഗിച്ചു.