ഇടുക്കിയിലെത്തുന്ന ഗവർണറെ തടയാൻ ആർക്കും സാധിക്കില്ല: ബിജെപി
ഇടുക്കിയിലെത്തുന്ന ഗവർണറെ തടയാൻ ആർക്കും സാധിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്. കാരുണ്യ പ്രവർത്തനത്തെപോലും തടസപ്പെടുത്തുന്ന സിപിഐഎമ്മിന്റെ അസഹിഷ്ണുത ജനം മനസിലാക്കുമെന്ന് സന്തോഷ് കുമാർ വ്യക്തമാക്കി. ശബരിമല തീർത്ഥടനത്തിന് തടയിടാനാണ് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ അഹങ്കാരത്തിന്റെ ആൾരൂപമെന്ന് സിപിഐഎം വ്യക്തമാക്കി.
ഇടുക്കിയിലെ എൽഡിഎഫ് ഹർത്താൽ ദിനത്തിൽ ഗവർണർ തൊടുപുഴയിലെത്തും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പങ്കെടുക്കാനാണ് ഗവർണർ എത്തുന്നത്. ഗവർണറെ ക്ഷണിച്ച നിലപാടിൽ പ്രതിഷേധിച്ച് 9 ന് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. മറ്റൊരു ദിവസം അനുവദിക്കാനാകില്ലെന്ന് ഗവർണർ സംഘാടകരെ അറിയിച്ചു.
രാജ്ഭവൻ മാർച്ച് നടത്തുന്ന ദിവസം തന്നെ ഗവർണർ ഇടുക്കിയിൽ എത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് എൽഡിഎഫ് ഇടുക്കി ജില്ലാകമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്.ഭൂമിഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെയാണ് ജനുവരി 9ന് ഇടതുമുന്നണി ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്.ഇതിനിടെ ഗവർണർ കർഷകരെ വെല്ലുവിളിക്കുന്നുവെന്ന ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി.
കർഷകരുടെ ആശങ്ക പരിഹരിക്കാനാണ് ഗവർണർ ശ്രമിക്കേണ്ടത്. കർഷകർ രാജ്ഭവനിൽ പ്രതിഷേധിക്കുന്ന ദിവസം ഗവർണർ ഇടുക്കിയിലേക്ക് പോകുന്നത് വെല്ലുവിളിയാണ്. എല്ലാവരോടും വെല്ലുവിളിയുടെ സ്വരമാണ് ഗവർണർക്കെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.