വണ്ടിപ്പെരിയാര്‍ കേസില്‍ പ്രോസിക്യൂഷനും
പോലീസും ഒത്തുകളിച്ചു: അഡ്വ. ഇ.എം. ആഗസ്തി
പ്രോസിക്യൂഷനും പോലീസും ഒത്തുകളിച്ചതിന്റെ ഫലമായാണ് വണ്ടിപ്പെരിയാറില്‍ പിഞ്ചുബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി രക്ഷപെട്ടതെന്ന് എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി എക്‌സ് എംഎല്‍എ പത്രസമ്മേളനത്തില്‍ ആരോപിച്ചു. പോലീസും പ്രോസിക്യൂഷനും കേസ് പരാജയപ്പെടുത്തുന്നതിന് എല്ലാ ശ്രമങ്ങളും നടത്തി. അന്വേഷണം ശരിയായ രീതിയില്‍ നടക്കാതിരുന്നതും ആരോപിക്കപ്പെടുന്ന കുറ്റം സംശായാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതുമാണ് പ്രതിയെ കോടതി വിട്ടയക്കാന്‍ കാരണമായത്. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകള്‍ ശേഖരിക്കുമ്പോള്‍ ശാസ്ത്രീയമായ അടിത്തറയില്‍ തെളിവ് ശേഖരിച്ചില്ലെന്ന കോടതിയുടെ പരാമര്‍ശം വളരെ ഗൗരവമുള്ളതാണ്. എന്നിട്ടും അന്വേഷണഉദ്യോഗസ്ഥരുടെ പേരില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. പ്രോസിക്യൂട്ടറും പ്രതിഭാഗം അഭിഭാഷകനും അറിയപ്പെടുന്ന മാര്‍ക്‌സിസ്റ്റ് സഹയാത്രികരാണ്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സുനില്‍കുമാര്‍ തിരുവനന്തപുരം ലോ കോളജിലെ എസ്.എഫ്.ഐ. നേതാവും യൂണിയന്‍ ചെയര്‍മാനുമായിരുന്നു. കോടതി വിധിക്കെതിരെ അപ്പീല്‍ ഫയല്‍ ചെയ്തതുകൊണ്ട് പരിഹരിക്കപ്പെടുന്നതല്ല നീതി നിഷേധം.
കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 7ന് വണ്ടിപ്പെരിയാറ്റില്‍ നടക്കുന്ന മകളേ മാപ്പ് എന്ന സ്ത്രീ ജ്വാല പരിപാടിയില്‍ ആയിരക്കണക്കിന് വനിതകള്‍ അണിനിരക്കും. കേരളത്തെ ഞെട്ടിച്ച അതി നിഷ്ഠൂരമായ കുറ്റകൃത്യമായിരുന്നു വണ്ടിപ്പെരിയാറിലെ ബാലികയുടെ കൊലപാതകം. ഇതിലെ പ്രതിയെ വെറുതെ വിടാന്‍ ഇടയാക്കിയത് പോലീസ് അന്വേഷണത്തിലും കേസ് നടത്തിപ്പിലുമുണ്ടായ ഗുരുതരമായ വീഴ്ചയാണ്. പ്രതിക്ക് മോചനം ലഭിച്ചത് ഭരണകക്ഷിയുടെ അവിഹിത സ്വാധീനം കൊണ്ടാണ്. പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത് ഒറ്റപ്പെട്ട സംഭവമല്ല. വാളയാറിലെ സഹോദരിമാരായ ബാലികമാരുടെ മരണത്തിലും അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിലും
സമാനമായ സര്‍ക്കാര്‍ വീഴ്ച കേരളം കണ്ടതാണ്.
വണ്ടിപ്പെരിയാറിലെ കേസില്‍ നീതി നടപ്പാക്കാന്‍ അന്വേഷണത്തിലേയും വിചാരണയിലേയും പിഴവുകള്‍ തിരുത്തി പ്രതിയെ ശിക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കെപിസിസി സ്ത്രീജ്വാല പരിപാടി സംഘടപ്പിച്ചിട്ടുള്ളത്. എഐസിസിയുടെ സംഘടനാ കാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷി ഉള്‍പ്പെടെ കെപിസിസിയുടെ പ്രധാന നേതാക്കള്‍ പങ്കെടുക്കും. വണ്ടിപ്പെരിയാര്‍ കക്കികവലയില്‍ നിന്നും ആരംഭിക്കുന്ന റാലിയില്‍ ആയിരക്കണക്കിന് വനിതകള്‍ കറുത്ത വസ്ത്രം ധരിച്ച് അണിചേരുമെന്നും നേതാക്കള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ജോയി വെട്ടിക്കുഴി, തോമസ് രാജന്‍ തോമസ് മൈക്കിള്‍, കെ.ജെ. ബെന്നി, മനോജ് മുരളി, സിജു ചക്കുംമൂട്ടില്‍, സിന്ധു വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.