ഗതാഗതക്കുരുക്ക്: തൊടുപുഴയിലും മൂന്നാറിലും പ്രശ്നപരിഹാരത്തിനു പദ്ധതി


തൊടുപുഴ: ജില്ലയില്‍ പ്രധാന ടൗണുകളിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സര്‍ക്കാര്‍ തലത്തില്‍ പദ്ധതികളൊരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി തൊടുപുഴ നഗരത്തിലെ മോര്‍ ജംഗ്ഷൻ, മൂന്നാര്‍ ടൗണ്‍ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പിന്‍റെ നേതൃത്വത്തില്‍ വി ശദമായ എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചു.
ആദ്യഘട്ടത്തില്‍ പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ പ്രാഥമിക എസ്റ്റിമേറ്റിനു ശേഷമാണ് രണ്ടാം ഘട്ടമായി വിശദമായ എസ്റ്റിമേറ്റ് തയാറാക്കിയത്. മൂന്നാര്‍ ടൗണില്‍ നടപ്പാക്കുന്ന പദ്ധതിക്കായി അഞ്ചു കോടി, തൊടുപുഴ മോര്‍ ജംഗ്ഷനു വേണ്ടി അഞ്ചു കോടി ഉള്‍പ്പെടെ 10 കോടിയുടെ എസ്റ്റിമേറ്റാണ് സര്‍ക്കാരിന് കൈമാറിയത്.
തൊടുപുഴ മോര്‍ ജംഗ്ഷനില്‍ നടപ്പാക്കേണ്ട പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കിയത് ജില്ലാ പൊതുമരാമത്ത് വകുപ്പ് അധികൃതരും മൂന്നാര്‍ ടൗണിനു വേണ്ടി പ്ലാൻ തയാറാക്കിയത് പൊതുമരാമത്ത് വകുപ്പിന്‍റെ എറണാകുളം സ്പെഷല്‍ യൂണിറ്റുമാണ്.
കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ പ്ലാനിംഗ് കമ്മിറ്റിയില്‍ ജില്ലാ കളക്ടര്‍ രണ്ട് പദ്ധതികളെയും സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതരോട് വിശദീകരണം തേടിയിരുന്നു. തൊടുപുഴ മോര്‍ ജംഗ്ഷനു വേണ്ടി തയാറാക്കിയ പദ്ധതി എറണാകുളം മേഖല ഓഫീസ് വഴിയാണ് സര്‍ക്കാരിന് കൈമാറിയത്. രണ്ട് പദ്ധതികള്‍ക്കും സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം ലഭിക്കും എന്നാണ് പ്രതീക്ഷ.
തൊടുപുഴ മോര്‍ ജംഗ്ഷൻ, മൂന്നാര്‍ ടൗണ്‍ എന്നിവിടങ്ങളിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക എന്നത് ജനങ്ങളുടെ ഏറെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. വിവിധ പ്രദേശങ്ങളില്‍നിന്നു വരുന്ന വാഹനങ്ങള്‍ക്ക് മുന്നോട്ട് ചലിക്കാൻ കഴിയാതെ ഏറെ സമയം പാതയില്‍ കുരുങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളത്. അടിയന്തര ഘട്ടങ്ങളില്‍ രോഗികളുമായി വരുന്ന ആംബുലൻസുകള്‍ പോലും ഗതാഗതക്കുരുക്കില്‍ അകപ്പെടുന്ന അവസ്ഥയും പലപ്പോഴും ഉണ്ടാകാറുണ്ട്.
തൊടുപുഴ നഗരസഭ, മൂന്നാര്‍ പഞ്ചായത്ത് എന്നിവയുടെ ഗതാഗത ഉപദേശ സമിതികളുടെ യോഗങ്ങളിലും പ്രശ്നപരിഹാരത്തിന് നിരവധി പദ്ധതികള്‍ മുന്പു നിര്‍ദേശിച്ചെങ്കിലും പൂര്‍ണമായും പ്രാബല്യത്തില്‍ ആയില്ല. ഇതേത്തുടര്‍ന്നാണ് ശാശ്വത പരിഹാരത്തിനു സര്‍ക്കാര്‍ ഇടപെടലുണ്ടാകുന്നത്.