സര്‍ക്കാര്‍ കെട്ടിടത്തില്‍ നിന്നും സ്വകാര്യ വ്യക്തിയെ ഒഴിപ്പിക്കാനുള്ള രണ്ടാം ശ്രമവും പാളി
ഉപ്പുതറ: സര്‍ക്കാര്‍ കെട്ടിടത്തില്‍ നിന്നും സ്വകാര്യ വ്യക്തിയേയും, കുടുംബത്തേയും ഒഴിപ്പിക്കാനുള്ള രണ്ടാം ശ്രമവും പാളി. പഞ്ചായത്തംഗം സാബു വേങ്ങേവേലില്‍ നല്‍കിയ ഉറപ്പില്‍ മൂന്നു ദിവസം കൂടി കൂടുംബത്തിന് അവധി നല്‍കി. ഇതോടെ ഒഴിപ്പിക്കാനെത്തിയ പീരുമേട് തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങി.
പതിയില്‍ കുര്യനേയും, കുടുംബത്തേയും ഒഴിപ്പിക്കാനാണ് വ്യാഴാഴ്ച്ച രാവിലെ റവന്യൂ-പഞ്ചായത്ത്-പോലീസ് ഉദ്യോഗസ്ഥരുടെ സംഘം ഉപ്പുതറയില്‍ എത്തിയത്. ഒരാഴ്ച മുന്‍പ് ഒഴിപിക്കാനുള്ള നടപടി സ്വീകരിച്ചെങ്കിലും അന്നു കലക്ടര്‍ ഇടപെട്ട് ഇവര്‍ക്ക് മാറി താമസിക്കാന്‍ ഏഴു ദിവസം കൂടി സമയം അനുവദിച്ചിരുന്നു. ഈ സമയം കഴിഞ്ഞിട്ടും കെട്ടിടം ഒഴിയാന്‍ തയ്യാറാകാതെ വന്നതോടെയാണ് കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥര്‍ എത്തിയത്.
2019 ഓഗസ്റ്റിലെ പ്രളയത്തില്‍ കുര്യന്റെ ഉള്‍പ്പെടെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇവരെയെല്ലാം സര്‍ക്കാര്‍ കെട്ടിടങ്ങളും, വാടക വീടുകളും തരപ്പെടുത്തി മാറ്റി താമസിപ്പിച്ചു. നഷ്ടപരിഹാരം കിട്ടിയവരൊക്കെ സ്വന്തം വീടുകളിലേക്കു മടങ്ങി. 2,60000 രൂപ സര്‍ക്കാര്‍ സഹായം കുര്യനും ലഭിച്ചു. എന്നാല്‍ താമസിക്കാന്‍ നല്‍കിയ ആശുപത്രി കേ്വാര്‍ട്ടേഴ്‌സ് പടിയിലെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കാര്‍ഷിക ഡെമോണ്‍സ്ട്രഷന്‍ കെട്ടിടം ഒഴിഞ്ഞു കൊടുക്കാന്‍ കുര്യന്‍ തയ്യാറായില്ല. കെട്ടിടം ഒഴിയണം എന്നാവശ്യപ്പെട്ട് പല തവണ പഞ്ചായത്തും, വില്ലേജും നോട്ടീസ് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കൂടുതല്‍ നഷ്ടപരിഹാരം കിട്ടാതെ കെട്ടിടം ഒഴിയില്ലന്ന നിലപാടിലായിരുന്നു കുര്യന്‍. ഞായറാഴ്ച കെട്ടിടം ഒഴിഞ്ഞില്ലെങ്കില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും, കര്‍ശന നടപടി സ്വീകരിക്കുമെന്നും പീരുമേട് തഹസീല്‍ദാര്‍ കെ.എസ്. സതീശന്‍ പറഞ്ഞു. എന്‍.എ. തഹസീല്‍ദാര്‍ സുരേഷ് കുമാര്‍, സി..ഐ. ആര്‍. മധു, വില്ലേജ് ഓഫീസര്‍ പ്രിജി കുമാര്‍, പഞ്ചായത്തു പ്രസിഡന്റ് കെ.ജെ. ജയിംസ്, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും , ഉദ്യോഗസ്ഥരുമാണ് സര്‍ക്കാര്‍ കെട്ടിടം ഒഴിപ്പിക്കാന്‍ എത്തിയത്.