നിർധന കുടുംബങ്ങളിലെ വിദ്യാർഥിനികളുടെ തുടർപഠനത്തിനായി സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി വിദ്യാഭ്യാസ സഹായനിധി രൂപീകരിച്ചു
കട്ടപ്പന ഇഎംഎസ് ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘം യോഗം സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. സഹായനിധിയിലേക്ക് ജനുവരി 12, 13, 14 തീയതികളിൽ നഗരസഭാപരിധിയിൽ ധനസമാഹരണം നടത്തും. വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ആക്രിസാധനങ്ങൾ ശേഖരിച്ച് വിറ്റും തുക കണ്ടെത്തും. നഗരസഭയിലെ 34 വാർഡുകളിലും യോഗങ്ങൾ ചേർന്ന് കമ്മിറ്റികൾ രൂപീകരിക്കാനും തീരുമാനിച്ചു. സാമൂഹിക, സാംസ്കാരിക, സന്നദ്ധ സംഘടനകൾ, സുമനസുകൾ എന്നിവരുടെ സഹകരണവും ഉറപ്പാക്കും. രണ്ട് വിദ്യാർഥിനികളുടെ ഉന്നത പഠനത്തിനായി 10 ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
യോഗത്തിൽ ഏരിയ സെക്രട്ടറി വി ആർ സജി അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ എം സി ബിജു, ടോമി ജോർജ്, കെ പി സുമോദ്, എസ് എസ് പാൽരാജ്, ലോക്കൽ സെക്രട്ടറിമാരായ ലിജോബി ബേബി, കെ എൻ വിനീഷ്കുമാർ, നഗരസഭ കൗൺസിലർമാരായ സുധർമ മോഹനൻ, ഷജി തങ്കച്ചൻ, പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികൾ: വി ആർ സജി(രക്ഷാധികാരി), എം സി ബിജു(ചെയർമാൻ), ലിജോബി ബേബി(കൺവീനർ).