എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി;രണ്ടാമത്തെ സ്നേഹവീടിന്റെയും താക്കോൽ കൈമാറി
തൊടുപുഴ :കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊക്കയാർ ഗ്രാമപഞ്ചായത്തിലെ നാരകംപുഴയിൽ നിർമ്മിച്ച് നൽകുന്ന രണ്ടാമത്തെ സ്നേഹഭവനത്തിന്റെ താക്കോൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു കൈമാറി.
ഉദ്ഘാടന യോഗത്തിൽ എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് സി എസ് മഹേഷ് അധ്യക്ഷത വഹിച്ചു.കൊക്കയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീയാ മോഹനൻ , വാർഡ് മെമ്പർ അൻസൽന സക്കീർ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ,പി എസ് സി ഇ യു സംസ്ഥാന കമ്മിറ്റിയംഗം സി ജെ ജോൺസൺ എന്നിവർ ആശംസകൾ അർപ്പിച്ചു.എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ സ്വാഗതവും ജില്ലാ ജോ സെക്രട്ടറി ജോബി ജേക്കബ് നന്ദിയും പറഞ്ഞു.
കേരള എൻ.ജി.ഒ യൂണിയൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവകേരളം ജനപക്ഷ സിവിൽ സർവീസ് എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ച് നാടിനാകെ മാതൃകയാവുന്ന നിരവധി ക്ഷേമ പ്രവർത്തനങ്ങളാണ് ഏറ്റെടുത്തത്.
ഒരു വർഷക്കാലം നീണ്ടുനിന്ന വജ്രജൂബിലി പരിപാടികളുടെ ഭാഗമായി പാലിയേറ്റീവ്/ ആരോഗ്യ സേവനങ്ങൾക്കായി 15 ആംബുലൻസ്, വിവിധ ആവശ്യങ്ങൾക്കായി തലസ്ഥാനത്ത് എത്തുന്നവർക്കായി തണൽ എന്ന പേരിൽ ഷോർട്ട് സ്റ്റേ & ഹെൽപ്പ് ഡെസ്ക്‌ക് സെൻ്റർ, 2000 പാലിയേറ്റീവ് വോളണ്ടിയർമാർ, രക്തദാന സേന, അവയവദാന ബോധവത്ക്കരണം, സാന്ത്വന പരിചരണ ഉപകരണങ്ങളുടെ വിതരണം തുടങ്ങി നിരവധി പ്രവർത്ത നങ്ങൾ പൂർത്തീകരിച്ചു.
സാമ്പത്തികവും സാമൂഹികവുമായി അതീവദുർബലമായ 60 കുടുംബങ്ങളുടെ വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്ന പ്രവർത്തങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വജ്രജൂബിലി സമാപന സമ്മേളന വേദിയിൽ ബഹു. നിയമസഭ സ്‌പീക്കർ താക്കോൽ കൈമാറി നിർവഹിച്ചു.യൂണിയൻ ഇടുക്കി ജില്ലാകമ്മിറ്റി ജില്ലയിൽ രണ്ട് നിർദ്ധന കുടുംബങ്ങൾക്കാണ് സ്നേഹഭവനം ഒരുക്കിയത്.