Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ശബരിമല തീർത്ഥാടകർ മല കയറുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടവ
- എല്ലാ പ്രായത്തിലുമുള്ള തീർത്ഥാടകരും സാവധാനം മലകയറണം.
- ലഘു ഭക്ഷണം കഴിച്ചതിനുശേഷം മലകയറുന്നതാണ് നല്ലത്.
- 45 വയസിന് മുകളിലുള്ള എല്ലാ തീർഥാടകരും പ്രത്യേകിച്ച് പാരമ്പര്യമായി ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളോ രക്താതിമർദ്ദമോ ഉള്ളവർ മലകയറുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് വിധേയരാകണം.
- സ്ഥിരമായി മരുന്ന് കഴിക്കുന്ന തീർത്ഥാടകർ വ്രതത്തിൻ്റെ ഭാഗമായി മരുന്നുകൾ കഴിക്കുന്നത് നിർത്തരുത്.
- ആസ്തമ രോഗികളും അലർജിയുമായി ബന്ധപ്പെട്ട ശ്വസന പ്രശ്നങ്ങൾ അനുഭവിക്കുന്നവരും മലകയറുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. ആരോഗ്യവകുപ്പ് കാനനപാതയിൽ നടത്തുന്ന ഓക്സിജൻ പാർലറുകൾ ഉപയോഗിക്കണം. ശ്വാസകോശ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആത്സ്‌മ രോഗികൾ അവരുടെ വ്യായാമത്തിൽ ഓട്ടവും എയറോബിക് വ്യായാമവും ഉൾപ്പെടുത്തി മല കയറ്റത്തിന് മുൻകൂട്ടി തയ്യാറാകണം.
- തിരക്ക് വർദ്ധിക്കുന്ന സമയങ്ങളിൽ കാടിനുള്ളിലെ വഴികൾ തിരഞ്ഞെടുക്കുന്നതും, കാടിനുള്ളിൽ വിശ്രമിക്കുന്നതും പാമ്പുകടിയേൽക്കാൻ സാധ്യതയുള്ളതിനാൽ ഒഴിവാക്കേണ്ടതാണ്.
- പഴകിയതും തുറന്നു വെച്ചതുമായ ആഹാരങ്ങൾ ഉപയോഗിക്കാതിരിക്കുക.
- തുറസ്സായ പ്രദേശങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക.
- തുറസ്സായ സ്ഥലങ്ങളിൽ വിരി വെക്കുന്നത് ഒഴിവാക്കുക.
- മാലിന്യങ്ങൾ വേസ്റ്റ് ബിന്നുകളിൽ മാത്രം നിക്ഷേപിക്കുക.
- മല കയറുന്നതിനു മുൻപുള്ള ദിവസങ്ങളിൽ ചെറു വ്യായാമങ്ങൾ ചെയ്യുന്നത് ഗുണകരമാകും. തീർത്ഥാടകർ അസ്വാസ്ഥ്യമുണ്ടായാൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ
- ആരോഗ്യ വകുപ്പിൻ്റെ കൺട്രോൾ റൂം നമ്പർ 04735-203232 എന്ന നമ്പറിൽ ബന്ധപ്പെട്ട് ലോക്കേഷൻ, എന്ത് തരം ബുദ്ധിമുട്ട് ആണ്,എത്ര പേർക്ക് ബുദ്ധിമുട്ട് എന്നും അറിയിക്കുക.
- കൺട്രോൾ റൂമിൽ നിന്നും ഏറ്റവും അടുത്ത എമർജൻസി മെഡിക്കൽ സെന്ററിൽ സെക്കൻഡുകൾക്കുള്ളിൽ ഈ വിവരം അറിയിക്കുകയും ജീവനക്കാരെ ലൊക്കേഷനിൽ എത്തിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ അടുത്ത അയ്യപ്പ സേവാ സംഘം സ്ട്രെക്ച്ചർ, അടുത്ത ആശുപത്രി എന്നിവിടങ്ങളിൽ ഈ വിവരം അറിയിക്കുക. ആവശ്യമെങ്കിൽ ആംബുലൻസ് സൗകര്യം ഈ കൺട്രോൾ റൂമിൽ നിന്നും എത്തിക്കും .
- സ്ഥലത്തെത്തുന്ന എമർജൻസി മെഡിക്കൽ സെൻ്റർ സ്റ്റാഫ് നഴ്‌സ് രോഗിയെ പരിശോധിക്കുകയും, വേണ്ട പ്രാഥമിക ശുശ്രൂഷ നൽകുകയും, ആശുപത്രിയിലേക്ക് മാറ്റുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യും. ആവശ്യമുള്ള സന്ദർഭങ്ങളിൽ രോഗിയോടൊപ്പം ഈ സ്റ്റാഫ് നഴ്സ് ആശുപത്രി വരെ അനുഗമിക്കും.
- ആദ്യ മിനുട്ടുകൾ എമർജൻസി രോഗികൾക്ക് ബേസിക് ലൈഫ് സപ്പോർട്ട് നൽകിയാൽ അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അതുകൊണ്ട് ആശുപത്രിയിൽ എത്തിക്കുന്നതിന് മുന്നേ സി പി ആർ ഉൾപ്പെടെ ബേസിക് ലൈഫ് സപ്പോർട്ട് നൽകേണ്ടത് അത്യാവശ്യമാണ്.