കുടിവെള്ള സ്രോതസ് മലിനമാക്കി
പീരുമേട്: പള്ളിക്കുന്നിലെ കുടിവെള്ള സ്രോതസ് മലിനമാക്കിയതായി പരാതി. സ്റ്റാഗ് ബ്രൂക്ക് എസ്‌സേ്റ്ററ്റില്‍ പണിതിരിക്കുന്ന ടാര്‍പ്ലാന്റും അതിനോടനുബന്ധിച്ച് പണിത പാര്‍ക്കിങ്ങ് ഗ്രൗണ്ടുമാണ് കുടിവെള്ള സംഭരണി മലിനമാകാന്‍ കാരണം. ഏകദേശം ഇരുന്നൂറോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന ഈ കുളം കേരള വാട്ടര്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ളതാണ്. മലയോര ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് പാതയോരങ്ങളില്‍ നിന്ന് എടുത്ത ലോഡു കണക്കിന് മണ്ണ് തേയിലക്ക് മുകളിലിട്ടാണ് ഗ്രൗണ്ട് നിര്‍മിച്ചത്. മെഡിമിക്‌സ് മലയില്‍ നിന്ന് ഒഴുകി വരുന്ന ജലമാണ് ഇവിടെ ശേഖരിച്ച് വിതരണം ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ ടാര്‍ പ്ലാന്റിലെ മാലിന്യവും കുന്നു കുട്ടിയിട്ടിരിക്കുന്ന മണ്ണും കല്ലും മൂലം ഈ കുളം നിറയുകയും വെള്ളം കലങ്ങി മറിഞ്ഞ സ്ഥിതിയിലുമാണ്. പൊതു ജനങ്ങളുടെ വെള്ളംകുടി മുട്ടിച്ച കമ്പനിക്കെതിരെ ജല വിഭവ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് രാജന്‍ പറഞ്ഞു.