കട്ടപ്പനസഹകരണ ആശുപത്രി രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായുള്ള ഓഹരി-നിക്ഷേപ സമാഹരണവും പുതുവത്സവ ആഘോഷവും 31 ന് വൈകിട്ട് 5ന് ആശുപത്രി അങ്കണത്തില്‍ നടക്കും.
സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഷെയര്‍ ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനാകും. കട്ടപ്പന പുതിയ ബസ് സ്റ്റാന്റിനുസമീപം 250 കിടക്കകളുള്ള അത്യാധുനിക ആശുപത്രിയുടെ നിര്‍മാണത്തിനും മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനുമാണ് ഓഹരിയും നിക്ഷേപവും സമാഹരിക്കുന്നതെന്ന് ആശുപത്രി ഭരണസമിതി അറിയിച്ചു.
ഉദ്ഘാടനസമ്മേളനത്തില്‍ എം.എല്‍.എമാരായ എം. എം മണി, വാഴൂര്‍ സോമന്‍, സഹകരണ ആശുപത്രി സ്ഥാപക പ്രസിഡന്റ് സി. വി. വര്‍ഗീസ്, കട്ടപ്പന അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് അഡ്വ.ഇ. എം. ആഗസ്തി, കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, മലനാട് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് ജോസ് പാലത്തിനാല്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സഹകരണ രംഗത്തെ പ്രമുഖര്‍, ഓഹരി ഉടമകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ സഹകരണ ആശുപത്രി ജീവനക്കാരുടെയും നഴ്സിങ് വിദ്യാര്‍ഥികളുടെയും പുതുവത്സര റാലി നടക്കും.
തുടര്‍ന്ന് സിനിമാറ്റിക് ഡാന്‍സ്, പുതുവത്സര ഗാനങ്ങള്‍, റീല്‍സ്, ഫാഷന്‍ ഷോ എന്നിവ അരങ്ങേറും.
ചടങ്ങില്‍ സഹകരണ ആശുപത്രിയുടെ ആദ്യകാല ഡയറക്ടര്‍മാരെ ആദരിക്കും. തുടര്‍ന്ന് കട്ടപ്പന സ്വരലയയുടെ ഗാനമേളയും നടക്കും.
ഹൈറേഞ്ചിന്റെ ആതുരശുശ്രൂഷാ രംഗത്ത് 13 വര്‍ഷം സുസ്ത്യര്‍ഹമായ സേവനം നടത്തിയാണ് സഹകരണ ആശുപത്രി അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. തങ്കമണി, കട്ടപ്പന, ചേറ്റുകുഴി, ബഥേല്‍, വണ്ടിപ്പെരിയാര്‍, ഉപ്പുതറ, മേരികുളം, എന്നിവിടങ്ങളില്‍ ആശുപത്രികള്‍, തണല്‍ പാലിയേറ്റിവ് സെന്റര്‍, സിംസ് സ്‌കൂള്‍ ഓഫ് നേഴ്സിങ്, സിംസ് പാരാമെഡിക്കല്‍ കോളേജ്, നീതി മെഡിക്കല്‍ സ്റോറുകള്‍, നീതി മെഡിക്കല്‍ ലാബുകള്‍ തുടങ്ങിയവ പ്രവര്‍ത്തിച്ചുവരുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി പൂര്‍ത്തിയാകുന്നതോടെ മലയോരമേഖല ആരോഗ്യരംഗത്ത് സ്വയം പര്യാപ്തതയിലെത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സഹകരണ ആശുപത്രി പ്രസിഡന്റ് കെ.യു. വിനു, വൈസ് പ്രസിഡന്റ് കെ. പി. സുമോദ്, ഹോസ്പിറ്റല്‍ സൊസൈറ്റി സെക്രട്ടറി ആല്‍ബിന്‍ ഫ്രാന്‍സിസ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായ ജെസ്റ്റിന്‍ ബേബി, ലാല്‍ജി ജോസഫ് പങ്കെടുത്തു.