കോവിഡിനെ തുടർന്ന് നിർത്തിയതും മികച്ച വരുമാനം ലഭിക്കുന്നതുമായ അന്തർ സംസ്ഥാന സർവീസിന്റെ ഉൾപ്പെടെ ട്രിപ്പുകൾ പുനരാരംഭിച്ച് കട്ടപ്പന കെഎസ്ആർടിസി ഡിപ്പോ


ദീർഘദൂര ഷെഡ്യൂളുകൾ, ഗ്രാമീണ മേഖലകളിലേക്കുള്ള ട്രിപ്പുകൾ തുടങ്ങിയവയും പുനരാരംഭിച്ചവയിൽ ഉൾപ്പെടുന്നു.
പുലർച്ചെ 5ന് ഉണ്ടായിരുന്ന കട്ടപ്പന -തൊടുപുഴ സർവീസ് 8.35ന് തൊടുപുഴയിലെത്തി 8.50ന് കട്ടപ്പനയ്ക്ക് തിരികെ പുറപ്പെടുന്ന രീതിയിൽ പുനരാരംഭിച്ചു. തിരികെ ഉച്ചകഴിഞ്ഞ് ഒന്നിന് കട്ടപ്പനയിൽ നിന്നു തൊടുപുഴക്ക് പുറപ്പെട്ട് 4.25ന് അവിടെയെത്തിയശേഷം 4.40ന് കട്ടപ്പനക്ക് പുറപ്പെട്ട് 8.15ന് ഇവിടെയെത്തും.
വൈകിട്ട് 4.40നുശേഷം കട്ടപ്പനയിൽ നിന്ന് കമ്പത്തേക്ക് ബസ് ഇല്ലാത്തത് തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരമായി കട്ടപ്പനയിൽ നിന്ന് കമ്പത്തേക്ക് 6.50, 7.50, 10.30, 12.10 എന്നീ സമയങ്ങളിൽ ട്രിപ്പ് ആരംഭിച്ചു. കമ്പത്ത് നിന്ന് കട്ടപ്പനക്ക് രാത്രി 8.30, 9.30, 12.20, പുലർച്ചെ 1.50 എന്നീ സമയങ്ങളിലും ട്രിപ്പുകൾ പുനരാരംഭിച്ചു.
രാവിലെ 5.40ന് ഇരട്ടയാർ-തങ്കമണി- ചെറുതോണി- പെരുംകാല- മണിയാറൻകുടി വഴി വട്ടമേടിലെത്തുന്ന ബസ് തിരിച്ച് 7.20ന് ഇതേ റൂട്ടിൽ കട്ടപ്പനയിലെത്തും. ഉച്ചയ്ക്ക് 12.20ന് ഇരട്ടയാർ- തുളസിപ്പാറ- നാങ്കുതൊട്ടി വഴി വാഴവരയിലെത്തും. ഈ ബസ് ഉച്ചയ്ക്ക് ഒന്നിന് തിരികെ ഇതേറൂട്ടിൽ കട്ടപ്പനക്ക് പുറപ്പെടും.
6.55നുള്ള തോപ്രാംകുടി സർവീസിന്റെ നാലാമത്തെ ട്രിപ്പ് 11.50ന് ഉപ്പുതറ- വളകോട്- വാഗമൺ വഴി ഈരാറ്റുപേട്ടയിലെത്തി തിരികെ 3.25ന് വാഗമൺ -ഏലപ്പാറ വഴി കട്ടപ്പനയിലെത്തും. തുടർന്ന് 6.40ന് കമ്പമെട്ടിനും തിരിച്ച് 7.40ന് കട്ടപ്പനക്കുമായി പുനക്രമീകരിച്ചു.
മേട്ടുക്കുഴിയിലെ യാത്രാക്ലേശം പരിഹരിക്കാൻ കട്ടപ്പനയിൽ നിന്നു രാവിലെ 7.50ന് പുറപ്പെടുന്ന ബസ് മേട്ടുകുഴിയിൽ നിന്ന് 8.20ന് കട്ടപ്പന വഴി തൊടുപുഴക്ക് പുറപ്പെടും. കൂടാതെ കട്ടപ്പനയിൽ നിന്ന് 12.30ന് ആനവിലാസം -വെള്ളാരംകുന്ന് വഴി കുമളിക്കും കുമളിയിൽ നിന്ന് 2.15ന് ഇതേ റൂട്ടിൽ കട്ടപ്പനക്കും ട്രിപ്പ് ക്രമീകരിച്ചു. കെഎസ്ആർടിസിയെ ലാഭകരമാക്കാൻ ചീഫ് ഓഫിസിൽ നിന്നുള്ള നിർദേശപ്രകാരമാണ് ബസുകൾ പുനക്രമീകരിച്ചിരിക്കുന്നത്.