വണ്ടിപ്പെരിയാര്‍ കേസ്; ഇരയ്ക്ക് നീതി കിട്ടണം എന്ന ഇച്ഛാശക്തി പൊലീസ് പ്രകടിപ്പിച്ചില്ലെന്ന് സിപിഐ


ഇടുക്കി: വണ്ടിപെരിയാര്‍ കേസില്‍ പൊലീസിനേയും പ്രോസിക്യൂഷനെയും വിമര്‍ശിച്ച് സിപിഐ. പൊലീസ് അന്വേഷണം പ്രഹസനമാണെന്ന് സിപിഐ ജില്ലാ അസി. സെക്രട്ടറി പ്രിന്‍സ് മാത്യു ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു. തെളിവുകള്‍ ശേഖരിക്കുന്നതിലും കേസന്വേഷണത്തിലും ഇരയ്ക്ക് നീതി കിട്ടണം എന്ന ഇച്ഛാശക്തി പൊലീസ് പ്രകടിപ്പിച്ചില്ല. ഇക്കാര്യത്തില്‍ പൊലീസ് കാണിച്ച അനാസ്ഥക്ക് കാരണം ബാഹ്യഇടപെടലാണോ ജോലി അറിയാത്തതാണോയെന്ന് അറിയില്ലെന്നും പ്രിന്‍സ് മാത്യു വിമര്‍ശിച്ചു. കേസില്‍ ആരോപണവിധേയനായ 24 കാരന് അര്‍ജ്ജുനെ വെറുതെ വിട്ട വിധിയിലാണ് പ്രതികരണം.
പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളെ യാതൊരു ഗൗരവവുമില്ലാതെ കാണുന്ന വ്യവസ്ഥിതികള്‍ മാറണം. വാളയാറും വണ്ടിപെരിയാറും ചോദ്യ ചിഹ്നമാവുമ്പോള്‍ ആലുവ കൊണ്ട് അഭിമാനിക്കാനാവില്ലെന്നും പ്രിന്‍സ് വിമര്‍ശിച്ചു. ഇരയ്ക്ക് നീതി കിട്ടണമെങ്കില്‍ കേസില്‍ പുനഃരന്വേഷണം നടത്തി പ്രതിയെ ശിക്ഷിക്കണമെന്നും സിപിഐ നേതാവ് വിമര്‍ശിച്ചു.
2021 ജൂണ്‍ മുപ്പതിന് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തിലാണ് ആറുവയസുകാരി അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. കുട്ടി ക്രൂരപീഡനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.