കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് സമാപനം
തിരുവനന്തപുരം: 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരശ്ശീല വീഴും. വൈകീട്ട് ആറിന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരവും 20 ലക്ഷം രൂപയും സമ്മാനിക്കും. മേളയുടെ അവസാനദിനം 15 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഡോണ്‍ പാലത്തറയുടെ ഫാമിലി, ഫാസില്‍ റസാഖിന്‍റെ തടവ് എന്നീ മലയാള ചിത്രങ്ങളാണ് മത്സരരംഗത്തുള്ളത്. ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്ക് സമ്മാനിക്കും.
സുവര്‍ണ ചകോരമുള്‍പ്പെടെ മികച്ച ചിത്രങ്ങള്‍ക്കും സംവിധായകര്‍ക്കുമായി 11 പുരസ്‌കാരങ്ങളാണുള്ളത്. രജതചകോരത്തിന് നാലു ലക്ഷവും പുതുമുഖ സംവിധായകന് മൂന്നു ലക്ഷവും ജനപ്രീതിയാര്‍ജിച്ച ചിത്രത്തിന് രണ്ടു ലക്ഷം രൂപയുമാണ് പുരസ്കാരങ്ങള്‍ക്കൊപ്പം നല്‍കുക. ഒരു ലക്ഷം രൂപയാണ് ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള കെ.ആര്‍. മോഹനൻ പുരസ്‌കാരത്തിന് നല്‍കുന്നത്. സിനിമാരംഗത്ത് സംവിധായകര്‍ക്ക് നല്‍കുന്ന സമഗ്ര സംഭാവന കണക്കിലെടുത്ത് ലൈഫ് ടൈം അച്ചീവ്മെന്റ്, സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരങ്ങളുമേര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചുലക്ഷം രൂപയാണ് ലൈഫ് ടൈം അച്ചീവ്മെന്റിനുള്ള സമ്മാനത്തുക.
നവകേരള സദസ്സുമായി ബന്ധപ്പെട്ട യാത്രയിലായതിനാല്‍ ഇത്തവണ മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും സമാപനചടങ്ങില്‍ നേരിട്ട് എത്തിയേക്കില്ല.