ഏലം കർഷകർക്ക് കുത്തക പാട്ട ഭൂമിക്ക് പട്ടയം നൽകണമെന്ന് ആവശ്യപ്പെട്ട് നവ കേരള സദസ്സിൽ മുഖ്യമന്ത്രിക്ക് വണ്ടമ്മയുടെ കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ നിവേദനം നൽകി
ചിന്നക്കനാലിലെ റവന്യൂഭൂമിയുടെ പാട്ടക്കാലാവധി കഴിഞ്ഞമുറയ്ക്ക് ഭൂമി റിസർവനമായി പ്രഖ്യാപിക്കാനുള്ള വനം വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നും ഇടുക്കി ജില്ലയിലെ കുത്തകപ്പാട്ട ഭൂമി വനഭൂമിയാക്കി മാറ്റിയെടുക്കാനുള്ള വനം വകുപ്പിന്റെ പ്രാരംഭ നടപടിയാണ് ചിന്നക്കനാലിൽ വനംവകുപ്പ് നടത്തിയ ശ്രമമെന്നും കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.
ലക്ഷക്കണക്കിന് വരുന്ന ഏലം കർഷകരെ കുടിയൊഴിപ്പിച്ച് എടുക്കുവാനുള്ള വനം വകുപ്പിന്റെ നടപടിയിൽ നിന്ന് കർഷകരെ രക്ഷിക്കുവാൻ കുത്തകപാട്ട ഭൂമിക്ക് പട്ടയം നൽകുക മാത്രമാണ് ഏക മാർഗ്ഗമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
അൻപതിനായിരത്തിൽ അധികം തുണ്ട് തുണ്ടുകളായി ഏലമലക്കാടുകളിലെ പട്ടയഭൂമിക്കിടയിൽ 10സെൻറ് മുതൽ 2 ഹെക്ടർ വരെ വിസ്തീർണത്തിൽ കിടക്കുന്ന റവന്യൂ വകുപ്പിന്റെ കുത്തകപ്പാട്ട് ഭൂമി ചിന്നക്കനാലിലേതുപോലെ വനഭൂമിയാക്കി മാറ്റാനുള്ള നടപടി ആവിഷ്കരിക്കാൻ വനം വകുപ്പ് പദ്ധതി തയ്യാറാക്കി കഴിഞ്ഞു.
1897 ഓഗസ്റ്റ് മാസം 24ആം തീയതിയിലെ തിരുവിതാംകൂർ ഗവർമെൻറ് വിജ്ഞാപനത്തെ അടിസ്ഥാനമാക്കിയാണ് വനം വകുപ്പ് ഏലമലക്കാടുകൾ വനഭൂമിയാക്കി ചിത്രീകരിക്കുന്നത്,
എന്നാൽ ഈ വിജ്ഞാപനം ഏല മലക്കാടുകളുടെ പുറത്തുള്ള തൊടുപുഴ താലൂക്കിലെ കരിമണ്ണൂർ -കാരിക്കോട് എന്നീ വില്ലേജുകളിൽ റിസർവ് വനത്തിന്റെതാണ് . അതിന് ഏലമലക്കാട്ടു കളുമായി യാതൊരു ബന്ധവുമില്ല.
1910 ൽ തിരുവിതാംകൂർ രാജഭരണ കാലഘട്ടത്തിൽ കാർഡമം ഡിപ്പാർട്ട്മെന്റിന്റെ കീഴിലായിരുന്ന ഏലമല കാടുകളെ പൂർണമായും ലാൻഡ് റവന്യൂ ഡിപ്പാർട്ട്മെന്റിലേക്ക് ലയിപ്പിച്ചതിന്റെ ആധികാരിക വിളംബരം നിലനിൽക്കെകയാണ് ഏലമല കാടുകൾ വനം വകുപ്പിന്റെ അധിനതയിലുള്ളതാണന്ന് തെറ്റിദ്ധാരണ പരത്തുന്നത്
തൊടുപുഴ താലൂക്കിലെ 15720 ഏക്കർ സ്ഥലം 1897 ഓഗസ്റ്റ് മാസം 24 ആം തീയതിയിലെ 1839 പേജിലെ വിളംബര പ്രകാരം തിരുവിതാംകൂർ ഗവർമെൻറ് റിസർവ്വ് വനമായി പ്രഖ്യാപിച്ചിരുന്നു.
ഈ രേഖയിൽ തിരുത്തൽ വരുത്തി 2,15,720 എന്നും 334 സ്ക്വയർ മൈൽസ് എന്നും പേജ് നമ്പർ 139 2 എന്നത് 1932 എന്ന തിരുത്തുകയുമാണ് ചെയ്തത്.
വ്യാജരേഖയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ സുപ്രീംകോടതിയിൽ ച റിട്ട് ഹർജി ഫയൽ ചെയ്യുകയും ചെയ്തു. കൂടാതെ വ്യാജരേഖ കാണിച്ച് സെൻട്രൽ എംപവർഡ് കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ച പരിസ്ഥിതി സംഘടനയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന്
ആവശ്യപ്പെട്ട് അസോസിയേഷൻ സെൻട്രൽ എംപവേർഡ് കമ്മിറ്റിയിൽ പരാതി നൽകിയിട്ടുണ്ട് .
ഈ പരാതിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് സെൻട്രൽ എംപവേർഡ് കമ്മിറ്റി സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമംമൂലം പതിച്ചു നൽകപ്പെട്ടിട്ടുള്ള കൃഷിഭൂമിയോട് ചേർന്ന് കിടക്കുന്ന കുത്തകപാട്ടഭൂമി ന്യായമായ തറവില വാങ്ങി ഭൂമി നിലവിൽ കൈവശം വച്ചിരിക്കുന്ന കർഷകരുടെ പേർക്ക് പതിച്ചു നൽകണമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡണ്ട് ആന്റണി മാത്യു, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഷൈൻ വർഗീസ്, പി എൻ കൃഷ്ണൻകുട്ടി നായർ 1 എസ് ടി ബി മോഹൻദാസ് , പിസി മാത്യു, ടി സി ചാക്കോ എന്നിവർ പങ്കെടുത്തു