കലക്ടേഴ്സ് കരുതൽ അവാർഡ് രണ്ടാം ഘട്ടം വിതരണം നടന്നു
ഏലപ്പാറ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽനിന്നു മികച്ച വിജയം കൈവരിക്കുന്ന വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ, കലക്ടേഴ്സ് കരുതൽ അവാർഡിൻ്റെ രണ്ടാം ഘട്ടം വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആൻ്റണി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്ന് പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന വിദ്യാർഥികൾക്ക്പ്രോത്സാഹനം നൽകുന്നതിന് ഏലപ്പാറ സ്വദേശിയും ജില്ലാ വികസന കമ്മിഷണറും ആയിരുന്ന അർജുൻ പാണ്ഡ്യൻ നൽകുന്ന പുരസ്‌കാരമാണ് കലക്ടേഴ്സ് കരുതൽ അവാർഡ്. ഒന്നാം സ്ഥാനക്കാർക്ക് 20,000 രൂപ, രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപ, മൂന്നാം സ്ഥാനക്കാർക്ക് 5000 രൂപ എന്നിങ്ങനെയും മൊമന്റോയും സർട്ടിഫിക്കറ്റുമാണ് നൽകുന്നത്.
ഹയർ സെക്കൻഡറിയിലെ കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാ ഗങ്ങളിലായി 6 വിദ്യാർഥികളും എസ്എസ്എൽസി വിഭാഗത്തിൽ 3 വിദ്യാർഥികളും പുരസ്കാരം നേടി. പഞ്ചായത്ത് പ്രസിഡന്റ് എസ്.നിത്യ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായ അർജുൻ പാണ്ഡ്യൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
സ്‌കൂൾ പ്രിൻസിപ്പൽ കെ.വിനോദ് കുമാർ, അഴുത ബ്ലോക്ക് പഞ്ചായ ത്ത് അംഗം അഫിൻ ആൽബർട്ട്, പഞ്ചായത്ത് അംഗങ്ങളായ ബിജു ഗോപാലൻ, ഉമർ ഫാറൂഖ്, ഇടുക്കി നിർമിതി കേന്ദ്രം പ്രോജക്‌ട് മാനേജർ എസ്.ബിജു എന്നിവർ സംസാരിച്ചു.