ശബരിമലയിൽ ഇന്നലെ രാത്രിയോടെ പ്രശ്നങ്ങൾക്ക് പരിഹാരമായി; പതിനെട്ടാം പടി വീതി കൂട്ടലിൽ ഒന്നും പറയാനില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ
ശബരിമലയിൽ ഇന്നലെ രാത്രിയോടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിട്ടുണ്ട് എന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കോടതി നിർദ്ദേശ പ്രകാരം ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്. നിലയ്ക്കലും പമ്പയിലും ഭക്തർക്ക് ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. അതും പരിഹരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി ബസുകൾ ആവശ്യത്തിനുണ്ട്. തിരക്ക് കൂടിയാൽ ഉപയോഗിക്കാൻ ബസുകൾ റിസർവ്വ് ചെയ്ത് വച്ചിട്ടുണ്ട്. പോലീസുകാരെ മാറ്റിയത് റൊട്ടേഷൻ സമ്പ്രദായത്തിന്റെ ഭാഗമായാണ് എന്നും മന്ത്രി വിശദീകരിച്ചു.
പതിനെട്ടാം പടി വീതികൂട്ടലുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്തിൻ്റെ നിലപാടിനു വിരുദ്ധമായ നിലപാടാണ് മന്ത്രി സ്വീകരിച്ചത്. വിഷയത്തിൽ ഇപ്പോൾ ഒന്നും പറയാനില്ല. തെരഞ്ഞെടുപ്പ് വരികയാണ്. മുതലെടുപ്പ് ലക്ഷ്യമിട്ട് വിവാദങ്ങൾ ഉയരുമെന്നും മന്ത്രി പറഞ്ഞു.
പതിനെട്ടാം പടി വീതി കൂട്ടലുമായി ബന്ധപ്പെട്ട് തന്ത്രിയുമായി ചർച്ച നടത്തുമെന്നായിരുന്നു പിഎസ് പ്രശാന്തിൻ്റെ പ്രതികരണം. ഒരു മണിക്കൂറിൽ 4000ഓളം ആളുകൾക്കാണ് പതിനെട്ടാം പടി കയറാൻ കഴിയുന്നത്. ദർശനസമയവും പതിനെട്ടാം പടി വീതി കൂട്ടലിലുമൊക്കെ അവസാന വാക്ക് തന്ത്രിയുടേതാണ്. തന്ത്രിയുമായി ആലോചിക്കും. തമിഴ്നാട്ടിലെ പ്രളയത്തിനു ശേഷവും കർണാടക തെരഞ്ഞെടുപ്പിനു ശേഷവുമൊക്കെ കൂടുതൽ ആളുകൾ തീർത്ഥാടനത്തിന് എത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
പമ്പയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. എരുമേലിയിലും ഇലവുങ്കലും ഗതാഗത നിയന്ത്രണം ശക്തമാക്കി. പുലർച്ചെ ഒന്നു മുതൽ രാവിലെ 8 മണി വരെ തീർഥാടക വാഹനങ്ങൾ പമ്പയിലേക്ക് പോകുന്നതു പൊലീസ് തടഞ്ഞു. തീർഥാടകരുടെ തിരക്കു നിയന്ത്രിക്കാൻ പ്രതിദിന വെർച്വൽ ക്യൂ ബുക്കിങ് 90,000ൽ നിന്ന് 80,000 ആക്കി കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിലെ സ്പെഷ്യൽ ഓഫീസർമാർക്കും മാറ്റമുണ്ട്.
ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരക്ക് നിയന്ത്രിക്കാനും തീർത്ഥാടകർക്ക് അടിസ്ഥാനസൗകര്യം ഒരുക്കാനും കോടതി കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു. എഡിജിപി എം ആർ അജിത് കുമാർ കോടതിയിൽ നേരിട്ട് ഹാജരായി ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു.