ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർത്ഥികളെ നിർദേശിച്ച നടപടിക്ക് സ്റ്റേ
ഗവർണർക്ക് ഹൈക്കോടതിയുടെ തിരിച്ചടി. കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർത്ഥികളെ നിർദേശിച്ച ചാൻസലറുടെ നടപടിക്ക് സ്റ്റേ. മാർ ഇവാനിയോസ് കോളജിലെ രണ്ടു വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ രവിയുടെ ഇടക്കാല ഉത്തരവ്. യോഗ്യതയുള്ള വിദ്യാർത്ഥികളെ അവഗണിച്ചാണ് ഗവർണർ മറ്റ് വിദ്യാർത്ഥികളെ നോമിനേറ്റ് ചെയ്തതെന്നാണ് ആരോപണം.ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്ത കോടതി എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ചു. ഹര്‍ജി അടുത്ത ദിവസം വീണ്ടും പരിഗണിക്കും. കേരള യൂണിവേഴ്സിറ്റി സെനറ്റിലേക്ക് നാല് വിദ്യാർത്ഥികളെയാണ് ഗവർണർ നാമനിര്‍ദേശം ചെയ്തത്. ആര്‍ട്സ്, സ്‌പോര്‍ട്സ് രംഗങ്ങളില്‍ മികവു തെളിയിച്ച വിദ്യാര്‍ത്ഥികളെ സെനറ്റിലേക്കു നാമനിര്‍ദേശം ചെയ്യാമെന്നാണ് സര്‍വകലാശാല ചട്ടം.
ഇത്തരത്തില്‍ കഴിവു തെളിയിച്ച തങ്ങളെ പരിഗണിക്കാതെ ഗവര്‍ണര്‍ നാലു പേരെ നാമനിര്‍ദേശം ചെയ്തെന്നാണ് വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്ക് ഇത്തരത്തില്‍ യോഗ്യതയൊന്നുമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി വിധിയെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പി.എം ആർഷോ സ്വാഗതം ചെയ്തു. ചാൻസലർക്കുള്ള ആദ്യ അടി ഹൈക്കോടതി കൊടുത്തിട്ടുണ്ട്. എസ്എഫ്ഐ പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു. അവർ എബിവിപി പ്രവർത്തകരാണ് എന്നതാണ് നാല് പേർക്കും ചാൻസലർ കണ്ട ഏക യോഗ്യതയെന്നും അദ്ദേഹം വിമർശിച്ചു.