‘ശബരിമലയിലേത് സ്വാഭാവിക പ്രതിസന്ധി, ഒരു ദിവസത്തെ പ്രശ്നത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു’; ദേവസ്വം മന്ത്രി
ശബരിമലയിലെ പ്രതിസന്ധി സ്വാഭാവികമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമലയിലെ ക്യൂ സിസ്റ്റത്തിൽ മാറ്റം വരുത്തിയപ്പോൾ ഉണ്ടായ തിരക്കാണ് ഇപ്പോഴുള്ളതെന്നും, ഒരു ദിവസത്തെ പ്രശ്നം പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്നും ദേവസ്വം മന്ത്രി കുറ്റപ്പെടുത്തി.
അനിയന്ത്രിതമായി തിരക്ക് വരുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. ഒരു ദിവസത്തിൽ ഒരു ലക്ഷത്തോളം തീർത്ഥാടകർ ഒരുമിച്ച് വന്നതാണ് പ്രതിസന്ധിക്ക് കാരണം. തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. അതുവരെ കുറച്ച് കാത്തു നിൽക്കേണ്ടി വരുമെന്നും കെ രാധാകൃഷ്ണൻ.
ശബരിമലയിൽ ആശങ്കാജനകമായ സാഹചര്യമുണ്ടെന്ന് വരുത്തി തീർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നു. ഇതിനുപിന്നിൽ രാഷ്ട്രീയമാണ്. ഭക്തരുടെ താല്പര്യം സംരക്ഷിക്കപ്പെടുകയല്ല, രാഷ്ട്രീയ മുതലെടുപ്പാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിൽ. ഒരു ദിവസത്തെ പ്രശ്നത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.