റോഡ് നിര്‍മാണത്തിന്റെ മറവില്‍ ഇടുക്കിയില്‍ ഉദ്യോഗസ്ഥ ഒത്താശയോടെ മരം മുറിച്ചുകടത്തി
നെടുങ്കണ്ടം: വയനാട്ടിലെ മരം മുറി വിവാദത്തിന് പിന്നാലെ റോഡ് നിര്‍മാണത്തിന്റെ മറവില്‍ ഇടുക്കിയിലും മരം മുറി വിവാദം. കടത്തിയത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍. ഉദ്യോഗസ്ഥ ഒത്താശയോടെയാണ് മരം മുറി നടന്നത്. വിവാദം കനത്തപ്പോള്‍ വകുപ്പുകള്‍ തമ്മില്‍ പരസ്പരം പഴിചാരിയും, കേസുകള്‍ നല്‍കിയും ഏറ്റുമുട്ടുന്നു. അനുമതി ലഭിച്ചതിലും നാലിരട്ടി മരങ്ങള്‍ മുറിച്ചതായി റവന്യൂ വകുപ്പ് കണ്ടെത്തല്‍. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് വനം വകുപ്പ്. വനം വകുപ്പിനെതിരെ പൊതുമരാമത്ത്. വകുപ്പുകള്‍ തമ്മില്‍ പഴിചാരുമ്പോള്‍ ഒതുങ്ങുന്നത് വന്‍ കള്ളക്കടത്ത്.
ഉടുമ്പന്‍ചോല ചിത്തിരപുരം റോഡ് നിര്‍മാണത്തിന്റെ മറവിലാണ് അനധികൃത മരം മുറി. സംഭവം വിവാദമായതോടെ വനം വകുപ്പ് അനേ്വഷണം തുടങ്ങി. ഉടുമ്പന്‍ചോല വനംവകുപ്പ് സെക്ഷന്റെ കീഴില്‍ നിന്നും 18 മരങ്ങളും ശാന്തന്‍പാറ സെക്ഷന്റെ കീഴില്‍ നിന്നും 32 മരങ്ങളും മുറിച്ചു.
അനുമതിയില്ലാതെ മരങ്ങള്‍ പൊതുമരാമത്ത് വകുപ്പ് വെട്ടിമാറ്റിയെന്ന് ആരോപിച്ച് പൊതുമരാമത്ത് വകുപ്പ് നെടുങ്കണ്ടം സബ്ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് ശാന്തന്‍പാറ സെക്ഷന്‍ അസി. എഞ്ചിനീയര്‍, അടിമാലി സ്വദേശിയായ കരാറുകാരന്‍ എന്നിവര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. സംഭവം വിവാദമായതോടെ പൊതുമരാമത്ത് വകുപ്പ് ഉടുമ്പന്‍ചോല പോലീസ് സേ്റ്റഷനിലും പരാതി നല്‍കി. റോഡ് നിര്‍മാണത്തിന് തടസം നില്‍ക്കുന്ന പത്ത് മരങ്ങള്‍ മുറിക്കാനാണ് വനം വകുപ്പ് ദേവികുളം ഡി.എഫ്.ഒ അനുമതി നല്‍കിയത്. എന്നാല്‍ ഉദ്യോഗസ്ഥ ഒത്താശയോടെ കരുവീട്ടി, വേങ്ങ, വെള്ളിലാവ്, ഞാവല്‍, ചന്ദന വയമ്പ്, ചേല, കുളമാവ് തുടങ്ങിയ 50ല്‍ അധികം മരങ്ങളാണ് കരാറുകാരന്‍ മുറിച്ചത്. ഇതില്‍ റോഡ് വശത്ത് നിന്ന പത്ത് മരങ്ങള്‍ മുറിച്ചിട്ടത് ഒഴിച്ചാല്‍ ബാക്കി മുഴുവന്‍ വന്‍ തുകക്ക് മറിച് വിറ്റതായാണ് അറിയാന്‍ കഴിയുന്നത്. ഡി.എഫ്.ഒ അനുമതി നല്‍കിയെങ്കിലും സെക്ഷന്‍ ഓഫീസില്‍ നിന്നും വേണ്ടത്ര പരിശോധന നടന്നില്ലന്നാണ് അറിയാന്‍ കഴിയുന്നത്. ഇതാണ് വനം വകുപ്പ് നടപടി എടുക്കാന്‍ കാലതാമസം വന്നതെന്നും പറയപ്പെടുന്നു. അതേസമയം ഇത്തരത്തില്‍ റോഡ് നിര്‍മാണത്തിന്റെ മറവില്‍ ജില്ലയിലെ മറ്റിടങ്ങളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അനുമതി ലഭിക്കുന്നതിലും അഞ്ചിരട്ടിയലധികം മരങ്ങള്‍ വരെ വെട്ടിമാറ്റിയിട്ടുണ്ടന്നും ഇതിനെല്ലാം മൂന്ന് വകുപ്പിലെയും ഉദ്യോഗസ്ഥ കൂട്ടായ്മ ഉണ്ടന്നുമാണ് രഹസ്യ വിവരം.