മര്‍ച്ചന്‍സ് യൂത്ത്‌വിങ്ങിന്റെ ഇ-മെയില്‍ ചലഞ്ച്
കട്ടപ്പന: മര്‍ച്ചന്‍സ് യൂത്ത്‌വിങ് ജില്ല കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കട്ടപ്പനയില്‍ മുഖ്യമന്ത്രിക്കും, ജലവിഭവ മന്ത്രിക്കും അഞ്ചിന ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ഇ-മെയില്‍ ചെയ്തു. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും വാക്‌സിന്‍ നല്‍കുക, കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വ്യാപാരസ്ഥാപങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക, ലോക്ക് ഡൗണില്‍ തുറക്കാത്ത കടകള്‍ക്ക് രണ്ട് മാസത്തെ വാടക ഇളവ് അനുവദിക്കുക, വരുന്ന ആറ് മാസത്തേയ്ക്ക് വാടക പകുതിയാക്കുക, ബാങ്ക് ലോണുകള്‍ക്ക് പലിശ ഇളവോടെ മൊറിട്ടോറിയം അനുവദിക്കുക, ജി.എസ്.ടി ഫയല്‍ ചെയ്യാനുള്ള കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി വയ്ക്കുക
തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇ-മെയില്‍ സന്ദേശം അയച്ചത്. കട്ടപ്പന വ്യാപാരഭവനില്‍ നടന്ന യോഗത്തില്‍ യൂത്ത്‌വിങ് ജില്ല പ്രസിഡന്റ്
സിജോമോന്‍ ജോസ് അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ജില്ല സെക്രട്ടറി കെ.പി ഹസന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത്‌വിങ് ജനറല്‍ സെക്രട്ടറി അജിത് സുകുമാരന്‍, കമ്മിറ്റിയംഗങ്ങളായ എ.കെ ഷിയാസ്, ശ്രീധര്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.