വാത്തിക്കുടി പഞ്ചായത്തിലെ അംഗനവാടി വർക്കർമാരുടെ നിയമനത്തിൽ വൻ ക്രമക്കേട് നടത്തിയതായി യുവതിയുടെ പരാതി
വാത്തിക്കുടി പഞ്ചായത്തിൽ അംഗൻവാടിയിൽ മൂന്നു ടീച്ചറുമാരുടെ സ്ഥിരം തസ്തിക രണ്ടെണ്ണം താല്കാലികം 10 ഹെൽപർമാർ എന്നിവരെ നിയമിക്കുന്നതി നുവേണ്ടി 82 പേർ അപേക്ഷ നൽകുകയും 72 പേർ ഹാജരായതിൽ ജൂൺ 23നും 26 നും ഇൻ്റർവ്യൂ നടത്തുകയും ചെയ്തിരുന്നു.
ഇൻ്റർവ്യൂവിൽ റെജീന രാജു ചിലമ്പൻ കുന്നേൽ ഒന്നാം റാങ്കിൽ എത്തിയതായി ഇൻ്റർവ്യൂ ബോർഡിലെ അംഗങ്ങൾ അന്ന് പറഞ്ഞിരുന്നു.
എന്നാൽ മാർക്ക് പ്രസിദ്ധപ്പെടുത്തിയപ്പോൾ താൻ ആറാം സ്ഥാനത്താവുകയും റൊട്ടേഷൻ ക്വാട്ടയിൽ ഏഴാം സ്ഥാനത്തുമായതായി റെജീന പറഞ്ഞു.
2023 നവംബർ 30 ന് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുകയും ഡിസംബർ 1 -ാം തീയതി നിയമനങ്ങൾ മുഴുവൻ നടത്തുകയും ചെയ്തു.
താല്ക്കാലിക ജീവനക്കാരുടെ നാലാം ഒഴിവിലേക്ക് പതിമൂന്നാം റാങ്കു കാരിയേയും അഞ്ചാം ഒഴിവിലേക്ക് നാലാം റാങ്കുകാരിയേയും നിയമിച്ചു.
30.09.2023 ൽ വാത്തിക്കുടി പഞ്ചായത്തിൽ നടത്തിയ അംഗൻവാടി വർക്കർമാരുടെ ഇന്റർവ്യൂവിൽ ഇന്റർവ്യൂ ബോർഡ് നൽകിയ മാർക്ക് ലിസ്റ്റിൻ്റെ പകർപ്പിന് വേണ്ടി വിവരാവകാശം നൽകിയതിൽ 12.10.2023 ൽ അയച്ച മറുപടി 20.10.2023 ൽ മാത്രമാണ് ലഭിച്ചത്. 12-ാം തീയതി തയ്യാറാക്കിയ മറുപടി പോസ്റ്റ് ചെയ്‌തത് 18.10.2023ൽ ആയി രുന്നു.
സെലക്ഷൻ ലിസ്റ്റിൻ്റെ അംഗീകാരത്തിനായി ഇടുക്കി ജില്ലാ ഓഫീസിൽ ഫയൽ സമർപ്പിച്ചിരിക്കുന്നതിനാൽ ഈ ഓഫീസിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല എന്നായിരുന്നു സൂചിപ്പിച്ചിട്ടുള്ളത്.
വനിതാ ശിശുവികസന കാര്യാലയം ഇടുക്കി തടിയംപാട് ഓഫീസിൽ നിയമനത്തിലും ഇൻ്റർവ്യൂവിലും തിരിമറി നടത്തി ഓഫീസറുടെ താത്പര്യപ്രകാരം ഇഷ്‌ടക്കാരെ തസ്‌തികയിൽ നിയമിക്കുകയായിരുന്നുവെന്ന് റെജീന രാജു ആരോപിച്ചു.
തടിയംപാട് ഓഫീസിലെ സി.ഡി.പി.ഒ, സൂപ്പർവൈസർ, ജൂനിയർ സൂപ്രണ്ട് എന്നിവർ ചേർന്നാണ് നിയമന തട്ടിപ്പ് നടത്തിയിട്ടുള്ളതെന്നും റെജീന പറഞ്ഞു.
ഇൻ്റർവ്യൂവിൽ ഒന്നാം റാങ്ക് കിട്ടിയ തനിക്ക് 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ട്. എന്നാൽ പ്രവർത്തി പരിചയമോ മുൻഗണ നയോ ഇല്ലാത്തവരെയാണ് നിയമിച്ചിട്ടുള്ളത്.
ഇതു വ്യക്തമാക്കുന്ന വാത്തിക്കുടി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ്റെ സാക്ഷ്യപത്രവും തെളിവാണ്.
നിയമനത്തട്ടിപ്പ് നടത്തി അനർഹരെ നിയമിച്ച ഉദ്യോഗസ്ഥർക്കെതിരെ മതിയായ അന്വേഷണം നടത്തി നിലവിൽ നടത്തിയ നിയമനം റദ്ദു ചെയ്‌ത് വേണ്ട മേൽനടപടികൾ സ്വീകരിക്കണമെന്നും റെജീന ആവശ്യപ്പെട്ടു.