ഹൈവേകൾക്ക് എങ്ങനെ ഈ പേരുകൾ വന്നു! നമ്പറുകൾ നൽകുന്നത് എന്തിന്? അറിയാം
ദീർഘദൂരയാത്രക്കുള്ള പ്രധാന മാർഗങ്ങളാണ് ദേശീയപാതകൾ. 1988ൽ സ്ഥാപിക്കപ്പെട്ട ദേശീയപാതാ അതോറിറ്റിക്കാണ് ഈ പാതകളുടെ നിർമാണ-പരിപാലന ചുമതല. ലോകത്തെ തന്നെ ഏറ്റവും കൂടുതൽ നീളത്തിൽ റോഡുകളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ പ്രധാനപ്പെട്ട ദേശീയപാതകൾക്കും സംസ്ഥാന പാതകൾക്കുമെല്ലാം പ്രത്യേകം നമ്പറുകൾ നൽകിയിട്ടുണ്ട്. എന്നാൽ ഈ നമ്പറുകൾ നൽകുന്നത് എങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ?
ദേശീയപാതകൾക്ക് വെറുതേ നമ്പറുകൾ നൽകുകയല്ല മറിച്ച് ഒരു നടപടിക്രമം പാലിച്ചുകൊണ്ടാണ് നമ്പർ നൽകുന്നത്. ദേശീയപാതയുടെ നമ്പർ അറിഞ്ഞാൽ തന്നെ അത് രാജ്യത്തിന്റെ ഏതുഭാഗത്താണെന്ന് ഏകദേശം തിരിച്ചറിയാനാകും. വടക്കു നിന്നും തെക്കോട്ടുള്ള ദിശയിലെ ദേശീയ പാതകൾക്ക് ഇരട്ട അക്കങ്ങളാണ് നൽകുക. കിഴക്കു നിന്നും പടിഞ്ഞാറോട്ടുള്ള ദിശയിൽ അക്കങ്ങൾ കൂടി വരികയും ചെയ്യും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഉയർന്ന രേഖാംശത്തിൽ ചെറിയ അക്കങ്ങളും കുറഞ്ഞ രേഖാംശത്തിൽ വലിയ അക്കങ്ങളുമായിരിക്കും നൽകുക. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണ് എൻഎച്ച് 2 ഉള്ളതെങ്കിൽ കിഴക്കേ അറ്റത്തെ സംസ്ഥാനമായ രാജസ്‌ഥാനിലാണ് എൻഎച്ച് 68.
കിഴക്കു പടിഞ്ഞാറ് ദിശയിലുള്ള ദേശീയപാതകൾക്ക് ഒറ്റ അക്കങ്ങളാണ് നൽകിയിരിക്കുന്നത്. കിഴക്കു പടിഞ്ഞാറ് ദിശയിലുള്ള ദേശീയപാതകളുടെ നമ്പർ തെക്കോട്ടു വരുംതോറും കൂടി വരും. അതുകൊണ്ടാണ് എൻഎച്ച് 1 ജമ്മു കശ്‌മീരിലാണെങ്കിൽ എൻഎച്ച് 87 തമിഴ്നാട്ടിലാകുന്നത്. പരമാവധി രണ്ട് അക്കങ്ങളിലാണ് ദേശീയ പാതകൾക്ക് നമ്പറിട്ടിരിക്കുന്നത്. ദേശീയ പാതകളുടെ ഉപപാതകൾക്കാണ് മൂന്ന് അക്കങ്ങളുള്ള നമ്പറുകൾ നൽകിയിരിക്കുന്നത്. ദേശീയപാത 44ൻ്റെ ഉപപാതകളാണ് 244, 144, 344 എന്നിവ. ഈ ഉപപാതകളുടെ ആദ്യ അക്കം ഒറ്റയക്കമാണെങ്കിൽ ഇതിന്റെ സ്ഥാനം പടിഞ്ഞാറ് കിഴക്കു ദിശയിലും ആദ്യ അക്കം ഇരട്ടയാണെങ്കിൽ വടക്കു തെക്കു ദിശയിലുമായിരിക്കുമെന്നും തിരിച്ചറിയാം. ഈ ഉപപാതകളുമായി ബന്ധിപ്പിക്കുന്ന പാതകൾക്ക് എ, ബി, സി, ഡി എന്നിങ്ങനെയുള്ള അക്ഷരങ്ങൾ നൽകുകയും ചെയ്യും.