ഡിസംബറെത്തി; സഞ്ചാരികളുടെ തിരക്കിലമരാനൊരുങ്ങി മൂന്നാര്‍, വാഗമണ്‍, മറയൂര്‍, കാന്തല്ലൂര്‍…
തൊടുപുഴ: ഡിസംബറിലേക്ക് കാലെടുത്ത് വെച്ചതോടെ സഞ്ചാരികളെ മാടി വിളിക്കുകയാണ് ഇടുക്കി. സഞ്ചാരികള്‍ക്കായി ജില്ലയിലെ മിക്ക ടൂറിസം കേന്ദ്രങ്ങളും അണിഞ്ഞൊരുങ്ങുകയാണ്.
ഡിസംബര്‍, ജനുവരി മാസങ്ങള്‍ ഇടുക്കിയെ സംബന്ധിച്ച് വിനോദ സഞ്ചാര സീസണാണ്. മഞ്ഞും മലനിരകളും വെള്ളച്ചാട്ടങ്ങളുമൊക്കെയായി അതിമനോഹരിയായി നില്‍ക്കുന്ന ഇടുക്കിയിലേക്ക് ഒട്ടേറെ സഞ്ചാരികളാണ് ഈ സമയങ്ങളില്‍ പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാൻ എത്തിച്ചേരുന്നത്.
മൂന്നാര്‍, വാഗമണ്‍ അടക്കം പല മേഖലകളിലും തണുപ്പ് തുടങ്ങിയതോടെ ഇനിയുള്ള മൂന്ന് മാസക്കാലം ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കായിരിക്കും. റിസോര്‍ട്ടുകളും ചെറുകിട ടൂറിസ്റ്റ് ഹോമുകളും ഹോം സ്‌റ്റേകളുമെല്ലാം തിരക്കിലാകും.
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലേക്ക് ഇപ്പോള്‍ തന്നെ സഞ്ചാരികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഡിസംബര്‍ പകുതിയാകുന്നതോടെ തിരക്ക് ഇരട്ടിയാകും.
മറയൂര്‍ മലനിരകള്‍
രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് അവാര്‍ഡ് പ്രഖ്യാപനത്തിന്റെ ഭാഗമായും കാന്തല്ലൂരിലേക്ക് വിനോദസഞ്ചാരികള്‍ കൂടുതലായി എത്തിച്ചേരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നല്ല തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വാഗമണ്‍, മൂന്നാര്‍, തേക്കടിയടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും പതിവ് പോലെ തിരക്കിലമരും.
ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള തേയില എസ്റ്റേറ്റും ഫാക്ടറിയും സ്ഥിതി ചെയ്യുന്ന കൊളുക്കുമലയിലെ സൂര്യോദയ കാഴ്ചകള്‍ ആസ്വദിക്കാനും സഞ്ചാരികള്‍ എത്തുന്നുണ്ട്. ജില്ലയില്‍ ഡി.ടി.പി.സിയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം തന്നെ സഞ്ചാരികള്‍ എത്തുന്നതിന്‍റെ ഭാഗമായി അറ്റകുറ്റപ്പണികള്‍ നടത്തിയും അലങ്കാരങ്ങള്‍ ചെയ്തും മനോഹരമാക്കുന്നുണ്ട്. പത്തോളം പദ്ധതികള്‍ അടുത്ത സാമ്ബത്തിക വര്‍ഷത്തിലേക്ക് വെച്ചിട്ടുണ്ട്.
വാഗമണില്‍ ഒട്ടേറെ ജോലികള്‍ നടക്കുകയാണ്. ആറ് മാസത്തിനുള്ളില്‍ വാഗമണില്‍ വലിയ തോതിലുള്ള പദ്ധതികള്‍ വരും. പാഞ്ചാലിമേട്ടില്‍ ബോട്ടിങ്ങും സ്വിപ് ലൈനുമടക്കമുള്ള ജോലികള്‍ പുരോഗമിക്കുകയാണെന്നും ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു.
മനംകവര്‍ന്ന് ജലപാതങ്ങള്‍
അടിമാലി: ഇക്കുറി കാലവര്‍ഷം ദുര്‍ബലമായിരുന്നെങ്കിലും തുലാം വൃശ്ചിക മാസങ്ങളില്‍ മഴ ശക്തിയായത് മൂലം ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ സജീവമായി.
മൂന്നാറിന്‍റെ പ്രവേശന കവാടത്തിലായതും ദേശീയ പാതക്ക് അരികിലായതും മൂലം ദിവസവും നൂറ് കണക്കിന് സഞ്ചാരികളാണ് വെള്ളച്ചാട്ടം ആസ്വദിക്കാൻ എത്തുന്നത്. എന്നാല്‍, വിശ്രമിക്കുന്നതിനോ വെളളച്ചാട്ടം കണ്ട് അസ്വദിക്കുന്നതിനോ മതിയായ സംവിധാനങ്ങള്‍ ഇവിടെയില്ല.
ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയിലാണ് ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതിചെയ്യുന്നത്. മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഇടത്താവളമായിട്ടാണ് വെള്ളച്ചാട്ടങ്ങളും അറിയപ്പെടുന്നത്. വര്‍ഷകാലത്താണ് ജലപാതങ്ങള്‍ കൂടുതല്‍ സജീവമാകുന്നത്.
കടുത്ത വേനലില്‍ നീരൊഴുക്ക് നിലച്ച് വെള്ളച്ചാട്ടങ്ങള്‍ അപ്രത്യക്ഷമാകുമെങ്കിലും അനവധി സഞ്ചാരികള്‍ വേനല്‍ക്കാലത്തും ഇവിടെയെത്താറുണ്ടെന്നത് പ്രത്യേകതയാണ്. വെള്ളച്ചാട്ടങ്ങള്‍ക്കു സമീപം ഗാലറികള്‍ നിര്‍മിച്ചു മോടിപിടിപ്പിക്കുന്നതിനും സൗകര്യങ്ങളുടെ വികസനത്തിനും വിനോദസഞ്ചാര വകുപ്പ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
ചീയപ്പാറ വെള്ളച്ചാട്ടം ദേശീയപാതയെ തൊട്ടുരുമ്മിയാണ് നിലകൊള്ളുന്നത്. ഇതുകൊണ്ട് തന്നെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ വെള്ളച്ചാട്ടത്തിനരികെ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും മറ്റും ഏറെ സമയം ചെലവഴിക്കാറുണ്ട് . വര്‍ഷകാലങ്ങളില്‍ വൻ തോതിലുള്ള വെള്ളമൊഴുക്കാണ് ഇവിടെയുള്ളത്.
വെള്ളച്ചാട്ടം വിസ്മയ കാഴ്ചയാണ് സമ്മാനിക്കുന്നതെങ്കിലും പാതയോരത്ത് നിന്ന് ചിത്രങ്ങള്‍ പകര്‍ത്താനെത്തുന്നവരുടെ തിരക്ക് ഏറെയാണ്. അതേ സമയം വിദേശികള്‍ ഉള്‍പ്പെടെ സാഹസികര്‍ പാറക്കെട്ടുകളിലൂടെ ഇറങ്ങി വെള്ളച്ചാട്ടത്തിന് താഴ്ഭാഗത്തേക്ക്പോകുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.