അധികൃതർ മറന്നുപോയോ? ഇതൊക്കെയാണ് മൂന്നാറിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ആ തീരുമാനങ്ങൾ…
മുന്നാർ . വിനോദ സഞ്ചാര സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായി മൂന്നാറിലും പരിസരങ്ങളിലും നടപ്പാക്കുമെന്നു പ്രഖ്യാപിച്ച ഗതാഗത ഉപദേശക സമിതി തീരുമാനങ്ങൾ നടപ്പാക്കാതെ അധികൃതർ. കഴിഞ്ഞ സെപ്റ്റംബർ 25നാണ് പഞ്ചായത്ത് ഹാളിൽ തഹസിൽദാരുടെ നേതൃത്വത്തിൽ പഞ്ചായത്ത്, പൊലീസ് ഉദ്യോഗസ്‌ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വിവിധ തീരുമാനങ്ങളെടുത്തത്.
ഓട്ടോറിക്ഷകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായി സ്റ്റാൻഡ് പെർമിറ്റ് നൽകുന്നത് നിയന്ത്രിക്കും, ടൗണിലും പരിസരങ്ങളിലുമുള്ള പാതയോരങ്ങളിലെ ഇരുചക്രവാഹനങ്ങളുടെ പാർക്കിങ് നിരോധിക്കും, മുസ്‌ലിം പള്ളിക്കു താഴ്വശം, കാർഗിൽ റോഡ് എന്നിവിടങ്ങളിൽ ബൈക്കുകളുടെ പാർക്കിങ് ക്രമീകരിക്കും, ഐഎൻടിയുസി കെട്ടിടത്തിനു മുൻപിലെ ഓട്ടോകളുടെ എണ്ണം നിയന്ത്രിക്കും,
നല്ലതണ്ണി കവലയിലെ ഒരു വശത്തെ ഓട്ടോകൾ നീക്കം ചെയ്ത് ഈ ഭാഗത്തെ ഗതാഗത കുരുക്ക് ഒഴിവാക്കും, മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന വാഹനങ്ങൾ ഉടമകൾക്ക് നോട്ടിസ് നൽകിയ ശേഷം നീക്കം ചെയ്യും, മറ്റു സ്‌ഥലങ്ങളിൽനിന്നു വാഹനങ്ങളിൽ സാധനങ്ങൾ കൊണ്ടുവന്ന് ടൗണിലും പരിസരങ്ങളിലുമിട്ട് വിൽക്കുന്നത് നിരോധിക്കും, മഴവിൽ പാലത്തിലെയും പ്രവേശന കവാടത്തിലെയും കച്ചവടങ്ങൾ ഒഴിപ്പിക്കും തുടങ്ങിയ കാര്യങ്ങളാണ് അന്നു യോഗത്തിൽ തീരുമാനിച്ചത്.
ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനങ്ങൾ നടപ്പാക്കി തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ സമിതി യോഗം കഴിഞ്ഞ് രണ്ടു മാസം പൂർത്തിയായിട്ടും ഒരു തീരുമാനം പോലും നടപ്പാക്കാൻ അധികൃതർ തയാറായില്ല. വിനോദ സഞ്ചാര സീസൺ ആരംഭിച്ചിട്ടും തീരുമാനങ്ങൾ നടപ്പാക്കാത്തതിനാൽ മൂന്നാർ ടൗൺ ഉൾപ്പെടെയുള്ള മേഖലകളിലെ ഗതാഗതക്കുരുക്കും മറ്റു പ്രശ്‌നങ്ങളും പതിവുപോലെ വർധിച്ചിരിക്കുകയാണ്