ഇടുക്കി റവന്യൂ ജില്ലാ കലോത്സവം മോടി പിടിപ്പിക്കാൻ സാംസ്ക്കാരിക റാലി നടത്തും
34- മത് ഇടുക്കി റവന്യു ജില്ലാ കലോത്സവം ഡിസംബർ 5,6,7,8 തീയതികളിലായി കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാന വേദിയായി നടക്കും. ഇടുക്കിയുടെ കലാ മാമാങ്കത്തിൽ 7 സബ്ജില്ലകളിൽ നിന്നായി 4000 ത്തോളം കലാപ്രതിഭകൾ മാറ്റുരക്കും.
കട്ടപ്പന സെൻറ് ജോർജ് പാരിഷ് ഹാൾ, സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, ഓസാനാം ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂൾ, CSI ഗാർഡൻ എന്നീ വേദികളിലായിയാണ് വിവിധ മത്സരങ്ങൾ നടക്കുന്നത്.
കലാ മാമാങ്കം മോടി പിടിപ്പിക്കാൻ കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ സാംസ്ക്കാരിക റാലി സംഘടിപ്പിക്കും.
ഡിസംബർ 5 ന് രാവിലെ 10 മണിക്ക് സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന റാലി ബൈപ്പാസ് ചുറ്റി സെന്റർ ജംഗ്ഷൻ വഴി സ്കൂളിൽ തിരിച്ചെത്തും.
5000 വിദ്യാർത്ഥികൾക്കൊപ്പം, ജനപ്രതിനിധികൾ, കട്ടപ്പനയിലെ വിവിധ സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരും റാലിയിൽ പങ്കെടുക്കും.
റാലിയിൽ മികച്ച രീതിയിൽ പങ്കെടുക്കുന്ന സ്കൂളിന് പ്രത്യേക സമ്മാനങ്ങളും നൽകും.
ആലോചനയോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം നഗരസഭ കൗൺസിലർമാർ , വിവിധ സ്കൂൾ അധികൃതർ , വിവിധ സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പോലീസ്, എക്സൈസ്, ഹെൽത്ത് ഡിപ്പാർട്ട്മെന്റുകളുടെ സഹായം ഉറപ്പാക്കിയിട്ടുണ്ട്.