തകര്‍ന്നുകിടക്കുന്ന ശല്യാംപാറ-ചെങ്കുളം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്
അടിമാലി: തകര്‍ന്നുകിടക്കുന്ന ശല്യാംപാറ-ചെങ്കുളം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്.
ഒരുവര്‍ഷത്തിലേറെയായി രണ്ടര കിലോമീറ്റര്‍ റോഡാണ് തകര്‍ന്നുകിടക്കുന്നത്. കുത്തിറക്കവും ഹെയര്‍പിൻ വളവുകളും നിറഞ്ഞ ഈ റോഡില്‍ വലിയ വളവുകളില്‍ മെറ്റലും സോളിങ്ങും ഉള്‍പ്പെടെ തകര്‍ന്നുകിടക്കുകയാണ്. ഒന്നര അടിവരെ റോഡ് കുഴിഞ്ഞ് പലയിടത്തും വൻ ഗര്‍ത്തങ്ങളാണ്. 10 മുതല്‍ 15 മീ. വരെ റോഡ് ഒലിച്ചുപോയ സ്ഥിതിയിലുമാണ്.
വിനോദ സഞ്ചാരികള്‍വരെ ഉപയോഗിക്കുന്ന ഈ റോഡില്‍ അപകടം നിത്യസംഭവമാണ്. 600ലേറെ കുടുംബങ്ങള്‍ ഈ റോഡിനെ ആശ്രയിക്കുന്നു. റോഡില്‍ പലയിടവും 75 ഡിഗ്രിക്ക് മുകളില്‍ ചരിവുള്ള സ്ഥലങ്ങളാണ്. റോഡ് തകര്‍ന്നുകിടക്കുന്നതിനാല്‍ ടാക്സി വാഹനങ്ങള്‍ വരാൻ മടിക്കുന്നു. രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാൻ പോലും പറ്റാത്ത സാഹചര്യമാണ്. എത്രയുംവേഗം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.