വ്യക്തി കേന്ദ്രീകൃതവാദം കുടുംബങ്ങളെ തകർക്കുന്നു : ഇടുക്കി രൂപതാ എപ്പാർക്കിയൽ അസംബ്ലി
വ്യക്തികേന്ദ്രീകൃതവാദം കുടുംബങ്ങളെ തകർക്കുമെന്ന് ഇടുക്കി രൂപത എപ്പാർക്കിയൽ അസംബ്ലി.
കുടുംബ ജീവിതം കൂട്ടായ പ്രയാണമാണ്.
മാതാപിതാക്കളും മക്കളും ഒരുമിച്ച് പ്രയാണം നടത്തി മുന്നോട്ടു നീങ്ങുമ്പോഴാണ് കുടുംബങ്ങൾ മാതൃകാപരവും സമാധാനപൂർണവും ആകുന്നത്.
അതിൽ വ്യക്തികേന്ദ്രീകൃതമായ കാഴ്ചപ്പാടുകൾ ഉടലെടുക്കുമ്പോൾ കുടുംബ ജീവിതം താളം തെറ്റും.
യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും സമ്പത്താണ്.
അവരെ കണ്ടെത്തുകയും ചേർത്തു പിടിക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. യുവജനങ്ങൾ വിദേശ കുടിയേറ്റം നടത്തുന്ന കാലഘട്ടമാണിത്. അകലങ്ങളിലായിരിക്കുന്ന യുവജനങ്ങളെയും ചേർത്തു പിടിക്കാനുള്ള നൂതന പദ്ധതികൾ ആവിഷ്കരിക്കണമെന്നും അസംബ്ലി വിലയിരുത്തി. കുടുംബങ്ങളെ കുറിച്ചും യുവജനങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്ന വേദിയാണ് ഈ എപ്പർക്കിയൽ അസംബ്ലി.
അടിമാലി ആത്മജ്യോതിയിൽ മൂന്നുദിവസമായി നടക്കുന്ന അസംബ്ലി നാളെ വൈകുന്നേരം നാലുമണിക്ക് സമാപിക്കും.
ഇടുക്കി രൂപതാ അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ 150 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
നാളെ വൈകുന്നേരം കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സമാപന സന്ദേശം നൽകും.
ഇടുക്കി എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ്ആശംസകൾ അർപ്പിക്കും.