ഡെങ്കപ്പനി: ജില്ലയിൽ ആറിടങ്ങള്‍ ഹൈ റിസ്ക് ഹോട്ട്സ്പോട്ടുകള്‍
തൊടുപുഴ: ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മുൻകരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ്. നിലവിലെ സാഹചര്യത്തില്‍ എലിപ്പനിയും ഡെങ്കിപ്പനിയും വളരെ സൂക്ഷിക്കണം. ഈ മാസം ഇതുവരെ ഒമ്ബതു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ആഴ്ചതോറും നടത്തുന്ന വെക്ടര്‍ സ്റ്റഡി റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആഴ്ചയിലെ ഹൈ റിസ്ക് ഹോട്ട്സ്പോട്ടുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൊന്നത്തടി പഞ്ചായത്തിലെ ചിന്നാര്‍, കാന്തല്ലൂര്‍ പഞ്ചായത്തിലെ കാന്തല്ലൂര്‍, കട്ടപ്പന നഗരസഭയിലെ തൂങ്കുഴി , തൊടുപുഴ നഗരസഭയിലെ കുമ്മങ്കല്ല്, ചക്കുപള്ളം പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകള്‍ എന്നിവിടങ്ങളാണ് കഴിഞ്ഞയാഴ്ച കണ്ടെത്തിയ പ്രധാന ഹോട്ട്സ്പോട്ടുകള്‍. ഈ സ്ഥലങ്ങളില്‍ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചികുൻഗുനിയ എന്നിവക്ക് സാധ്യത കൂടുതലാണ്. അതിനാല്‍ കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ പരിസരപ്രദേശങ്ങളിലോ ഇല്ലെന്ന് ജനങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
വിടാതെ പകര്‍ച്ചപ്പനിയും;ഈ മാസം 5600 പേരാണ് ചികിത്സ തേടിയത്
വൈറല്‍ പനിയും ജില്ലയില്‍ വിടാതെ തുടരുന്നുണ്ട്. വൈറല്‍ പനിയെ തുടര്‍ന്ന് ഈ മാസം 5600 പേരാണ് ചികിത്സ തേടിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം എത്തിയവരുടെ എണ്ണമാണിത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും മറ്റും എത്തുന്നവരുടെ എണ്ണം പരിശോധിച്ചാല്‍ ഇതിന്റെ ഇരട്ടി വരും. വീടിനകത്തും പുറത്തും പറമ്ബുകളിലും മഴവെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്നാണ് ആരോഗ്യവകുപ്പ് നല്കുന്ന പ്രധാന നിര്‍ദേശം.
കുപ്പി, പാട്ട, ചിരട്ട, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കളിപ്പാട്ടങ്ങള്‍, റബര്‍ ടാപ്പിങ് ചിരട്ടകള്‍, കൊക്കോ തോടുകള്‍, കവുങ്ങിന്റെ പോളകള്‍, വീടിന്റെ സണ്‍ ഷെയ്ഡ്, വെള്ളം നിറച്ച അലങ്കാര കുപ്പികള്‍, ഉപയോഗശൂന്യമായ ടാങ്കുകള്‍, ടയറുകള്‍, വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, പാറയുടെ പൊത്തുകള്‍, മുളങ്കുറ്റികള്‍, കുമ്ബിള്‍ ഇലകളോടുകൂടിയ ചെടികള്‍, മരപ്പൊത്തുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു സ്പൂണില്‍ താഴെ വെള്ളം ഒരാഴ്ച തുടര്‍ച്ചയായി കെട്ടിനില്‍ക്കുകയാണെങ്കില്‍ ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരുന്ന സാഹചര്യം ഉണ്ടാകും.
അതിനാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ശ്രദ്ധ നല്‍കണം. മുട്ടയില്‍നിന്ന് കൊതുക് രൂപത്തിലേക്ക് എത്തുന്നതിന് ഒരാഴ്ചയോളം സമയമെടുക്കും. അതിനാല്‍ ആഴ്ചയില്‍ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കണമെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. മനോജ്, ജില്ല സര്‍വെയ്ലൻസ് ഓഫിസര്‍ ഡോ. ജോബിൻ ജോസഫ് എന്നിവര്‍ അറിയിച്ചു.