ദൗത്യസംഘം കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുന്നു
- റിസോര്‍ട്ട് കെട്ടിടവും ഏറ്റെടുത്തു
ഹൈക്കോടതി ഉത്തരവ് അനുസരിച്ച് റവന്യു ദൗത്യസംഘം ജില്ലയിലെ ഭൂമികയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുന്നു. ചിന്നക്കനാല്‍ വില്ലേജിലെ വിവിധ സര്‍വ്വേ നമ്പറുകളിലായി 18 ഏക്കര്‍ 10 സെന്റ് പുറമ്പോക്ക് സ്ഥലമാണ് കോടതി ഉത്തരവിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്തത്. സര്‍വ്വേ നമ്പര്‍ 34/1 ലെ 16 ഏക്കര്‍ 45 സെന്റ് , 20/1 ല്‍ 1 ഏക്കര്‍ 32 സെന്റ് എന്നിങ്ങനെയുള്ള പുറമ്പോക്ക് കയ്യേറ്റമാണ് ഒഴിപ്പിച്ചത് .ഇതിന് പുറമെ സര്‍വ്വേ നമ്പര്‍ 34/1 ല്‍ ഉള്‍പ്പെട്ട 33 സെന്റ് സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മ്മിച്ചിരുന്ന റിസോര്‍ട്ടും ഏറ്റെടുത്തു . എന്നാല്‍ കയ്യേറ്റസ്ഥലങ്ങളിലെ വീടുകളില്‍ നിന്ന് സാധാരണക്കാരെ ഒഴിപ്പിച്ചിട്ടില്ല.
ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ്‌ന്റെ നിര്‍ദ്ദേശ പ്രകാരം ഇടുക്കി സബ് കളക്ടര്‍ ഡോ.അരുണ്‍.എസ്.നായര്‍ , ഡെപ്യൂട്ടി കളക്ടര്‍ കെ.പി.ദീപ, ഉടുമ്പന്‍ചോല തഹസില്‍ദാര്‍ എ.വി.ജോസ്, ഭൂരേഖ തഹസില്‍ദാര്‍ സീമാ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. നിയമപ്രകാരമുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയശേഷമാണ് കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചിട്ടുള്ളതെന്നും ഈ സ്ഥലങ്ങളില്‍ വീട് വച്ച് താമസിക്കുന്നരെ ഒഴിപ്പിച്ചിട്ടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.