കഴിഞ്ഞ അഞ്ച് വർഷമായി സഞ്ചാര സ്വാതന്ത്ര്യത്തിനായി കാത്ത് കഴിയുകയാണ് കട്ടപ്പന നഗരസഭയിലെ നാൽപ്പതോളം കുടുംബങ്ങൾ .2018 ലെ പ്രളയത്തിൽ റോഡ് തകർന്നതോടെയാണ് കുടുംബങ്ങൾ ഒറ്റപ്പെട്ടത്
കഴിഞ്ഞ അഞ്ച് വർഷമായി സഞ്ചാര സ്വാതന്ത്ര്യത്തിനായി കാത്ത് കഴിയുകയാണ് കട്ടപ്പന നഗരസഭയിലെ നാൽപ്പതോളം കുടുംബങ്ങൾ .2018 ലെ പ്രളയത്തിൽ റോഡ് തകർന്നതോടെയാണ് കുടുംബങ്ങൾ ഒറ്റപ്പെട്ടത്.പുന:നിർമ്മാണത്തിനായി സർക്കാർ ഫണ്ട് അനുവദിച്ച് ടെൻഡർ പൂർത്തിയായെങ്കിലും കാരാർ ഏറ്റെടുത്തയാൾ പിൻമാറി .കട്ടപ്പന നഗരസഭയിലെ കല്ലുകുന്ന് വാർഡിലെ അസീസിപടി – പീടികപ്പുരയിടം റോഡാണ് മഹാപ്രളയത്തിൽ മണ്ണിടിഞ്ഞ് തകർന്ന് നാമാവശേഷമായത്.കനത്തമഴയിൽ വെള്ളമൊഴുകി ഇരുപത് അടിയോളം താഴ്ച്ചയിലേയ്ക്ക് റോഡ് ഇടിയുകയായിരുന്നു.ഇതോടെ നാൽപ്പതോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു,മണ്ണിടിഞ്ഞ ഭാഗത്ത് സ്ഥിതി ചെയ്യുന്ന രണ്ട് വീടുകൾ അപകടാവസ്ഥയിലുമായി.ആകെയുണ്ടായിരുന്ന റോഡ് തകർന്നതോടെ പണ്ടെങ്ങോ ഉപേക്ഷിച്ച നടപ്പാതകൾ മാത്രമാണ് ഈ കാണുന്നവർക്ക് ഇപ്പോഴുള്ള ആശ്രയം.പലർക്കും വാഹനങ്ങൾ ഉണ്ടെങ്കിലും
വീട്ടുമുറ്റത്ത് എത്തിച്ചിട്ട് നാളുകളായി.റോഡ് തകർന്നതിന് പിന്നാലെ എം എൽ എ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ പുനരുദ്ധാരണത്തിനായി റോഷി അഗസ്റ്റിൻ അനുവദിച്ചിരുന്നു എന്നാൽ ഈ തുക അപര്യാപ്തമായതിനാൽ പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 20 ലക്ഷം കൂടി അനുവദിച്ചു, പക്ഷേ അഞ്ച് വർഷം പിന്നിടുമ്പോഴും റോഡെന്ന ആവശ്യം കടലാസിൽ മാത്രമായി ഒതുങ്ങി .അനുവദിച്ച തുകയ്ക്ക് സ്വകാര്യ വ്യക്തി കരാർ ഏറ്റെടുത്തെങ്കിലും നിർമ്മാണത്തിൽ ഉണ്ടാകുവാൻ സാധ്യതയുള്ള സാങ്കേതിക കാരണങ്ങളാൽ ടെൻഡറെടുത്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ നഗരസഭയെ സമീപിച്ചിരിക്കുകയാണ്. ജില്ലാ ടെക്നിക്കൽ സമിതി സ്ഥലം സന്ദർശിച്ച് മണ്ണിന്റെ ഘടനയും ഉറപ്പും പരിശോധിച്ച് ഡിസൈൻ തയ്യാറാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു .എന്നാൽ ഇക്കാര്യത്തിൽ കട്ടപ്പന നഗരസഭയ്ക്ക് ഉത്തരവാദിത്വക്കുറവുണ്ടായിരിക്കുന്നുവെന്നാണ് എൽ ഡി എഫ് അംഗങ്ങളുടെ ആരോപണം .റോഡ് പുനർനിർമ്മിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകളെ വാർഡ് കൗൺസിലർ അടക്കം പലതവണ സമീപിച്ചെങ്കിലും തുടർനടപടിയ്ക്ക് വേഗതയുണ്ടായിട്ടില്ല.ജീവൻ പണയപ്പെടുത്തിയുള്ള ദുരിത യാത്രയ്ക്ക് പരിഹാരമിനിയും അകലെയാണെങ്കിൽ സമരമുറ തിരഞ്ഞെടുക്കുവാനാണ് കുടുംബങ്ങളുടെ തീരുമാനം.