സമ്പർക്കവിലക്കിൽ കുരുങ്ങില്ല; മറയൂർ ചന്ദന ഇ-ലേലം ഓഗസ്റ്റിൽ
മറയൂർ : മറയൂർ ചന്ദന ഇ-ലേലം 2021 ഓഗസ്റ്റ് മാസത്തിൽ നടക്കും. ലോക്‌ഡൗൺ ചന്ദന ഇ-ലേലത്തെ ബാധിച്ചിട്ടില്ലെന്നും ആവശ്യത്തിന് ചന്ദനത്തടികൾ ജൂലായ് അവസാനത്തോടുകൂടി ചെത്തിയൊരുക്കി വെയ്ക്കാൻ കഴിയുമെന്നും മറയൂർ റേഞ്ച് ഓഫീസർ എം.ജി.വിനോദ് കുമാർ പറഞ്ഞു. നിലവിൽ ചന്ദന ഗോഡൗണിൽ ലേലത്തിനായി ചെത്തിയൊരുക്കി വെച്ചിരിക്കുന്നത് 24 ടൺ ചന്ദനത്തടികൾ മാത്രമാണ്.
ഇതിൽ ക്ലാസ് 12 വിഭാഗത്തിൽപ്പെടുന്ന മിക്സഡ് ചിപ്സ് 5.589 ടൺ ചന്ദനപൂളുകളും ഉണ്ട്. ഇതിന് കഴിഞ്ഞ ലേലത്തിൽ 4660 രൂപയാണ് ലഭിച്ചത്. ക്ലാസ് 10 വരെയുള്ള ചന്ദനത്തടികൾക്ക് ശരാശി കഴിഞ്ഞ ലേലത്തിൽ 12,000 രൂപ വില ലഭിച്ചിരുന്നു.
സാധാരണ ലേല നടപടികൾ സ്വീകരിക്കണമെങ്കിൽ 35 ടണ്ണിൽ കൂടുതൽ ക്ലാസ് പത്തിനുള്ളിൽ വരുന്ന ചന്ദനത്തടികൾ വേണം. ചന്ദന ഗോഡൗണിൽ കിടക്കുന്ന ചന്ദനത്തടികളും കേരളത്തിലെ വിവിധ റേഞ്ചുകളിലെ കേസുകളിൽപ്പെട്ട് മറയൂരിലെത്തിച്ച ചന്ദനവും ചെത്തിയൊരുക്കി ഓഗസ്റ്റിൽ ലേലം നടത്താനുള്ള ഒരുക്കത്തിലാണ് മറയൂർ സാൻഡൽ ഡിവിഷൻ അധികൃതർ. കേസുകളിൽപ്പെട്ട 19 ടൺ ചന്ദനത്തടികളാണ് ഇപ്പോൾ ഗോഡൗണിൽ കിടക്കുന്നത്. കോടതി ഉത്തരവ് ലഭിച്ചാൽ മാത്രമേ ഇവ ചെത്തിയൊരുക്കാൻ കഴിയൂ.
രണ്ട് ലേലങ്ങൾ
കാറ്റിലും മഴയിലും വീഴുന്ന ചന്ദനമരങ്ങളും ഉണങ്ങിയ മരങ്ങളും വന്യജീവികൾ മറിച്ചിടുന്ന മരങ്ങളുമാണ് ചന്ദന ഗോഡൗണിലെത്തിച്ച് ചെത്തിയൊരുക്കി ലേലത്തിന് വെയ്ക്കുന്നത്.
ആവശ്യമായ രേഖകൾ ഹാജരാക്കിയ സ്വകാര്യ ഭൂമിയിലെ ചന്ദനമരങ്ങളും ലേലത്തിന് എത്താറുണ്ട്. ലേലത്തിൽ ലഭിക്കുന്ന തുകയുടെ 100 ശതമാനവും ഉടമസ്ഥന് ലഭിക്കും. ഇപ്പോൾ ഇത്തരത്തിലുള്ള ചന്ദനമരങ്ങൾ ഗോഡൗണിലില്ല.
കഴിഞ്ഞ ജനുവരി 20, 21 തീയതികളിലായി നടന്ന ഇ ലേലത്തിൽ 41 ടൺ ചന്ദനം 37.87 കോടി രൂപയ്ക്ക് വിറ്റഴിച്ചിരുന്നു. ഇതിൽ 98 ശതമാനം ചന്ദനവും കർണാടകയിലെ പൊതുമേഖലാ സ്ഥാപനമായ കർണാടക സോപ്‌സ് ആനഡ് ഡിറ്റർജെൻറ്സ് കമ്പനിയാണ് വാങ്ങിയത്.
ഒരു സാമ്പത്തികവർഷത്തിൽ രണ്ടുലേലമാണ് നടക്കുക. കുറഞ്ഞത് 50 കോടി രൂപയെങ്കിലും മറയൂർ ചന്ദന ഇ-ലേലത്തിലൂടെ സർക്കാർ ഖജനാവിലെത്തും. ഇതുകൂടാതെ കഴിഞ്ഞ ലേലത്തിൽ 1150 രൂപ വില ലഭിച്ച വെള്ള ചന്ദനം (സാപ്പ് വുഡ് ബില്ലറ്റ്സ്) 11.8 ടണ്ണും 205 രൂപ മാത്രം വില ലഭിച്ച വെള്ള ചന്ദനപൂൾ 62.82 ടണ്ണുമാണ് ചന്ദനഗോഡൗണിലുള്ളത്. യഥാർഥ ചന്ദനത്തടി 18.477 ടൺ (5.589 ടൺ മിക്സഡ് ചിപ്സ് കുറച്ച്) മാത്രമാണുള്ളത്. ക്ലാസ് 10 വരെയുള്ള ചന്ദനത്തിൽ ചില വിഭാഗത്തിന് നികുതിയടക്കം 15,000 രൂപയിലധികം ലഭിക്കാറുണ്ട്.