വ്യാജന്മാരെ കണ്ടെത്തണമെന്ന് ഫർസിൻ മജീദ്; ‘വ്യാജ വിളയാട്ടമെങ്കിൽ അവർ പാർട്ടിയിലുണ്ടാവരുത്’
കൊച്ചി: വ്യാജന്മാരെ കണ്ടെത്തണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഫർസിൻ മജീദ്. വ്യാജ വിളയാട്ടം നടത്തിയെങ്കിൽ അവർ പാർട്ടിയിൽ ഉണ്ടാവരുതെന്നും പ്രവർത്തകരുടെ വികാരം പാർട്ടി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫർസിൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. നൂറു കണക്കിന് പ്രവർത്തകന്മാരുടെ ചോരയും നീരുമാണ് യൂത്ത് കോൺഗ്രസെന്നും ഫർസൻ കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്നു ഫർസിൻ മജീദ്.
ഫേസ്ബുക്ക് കുറിപ്പ്
നൂറു കണക്കിന് പ്രവർത്തകന്മാരുടെ ചോരയും നീരുമാണ് യൂത്ത് കോൺഗ്രസ്. പാർട്ടിക്കകത്ത് നിന്ന് ആരെങ്കിലും വ്യാജ വിളയാട്ടം നടത്തിയിട്ടുണ്ടെങ്കിൽ അവർ പിന്നെ പാർട്ടിയിൽ ഉണ്ടാവാൻ പാടില്ല.
വീടുവീടാന്തരം കയറി അമ്പത് രൂപ മെമ്പർഷിപ്പ് ഫീ വാങ്ങി കഷ്ടപ്പെട്ട് വോട്ട് ചേർത്ത പ്രവർത്തകന്മാരുടെ വികാരം പാർട്ടി പരിഗണിക്കുമെന്നാണ് പ്രതീക്ഷ..!
അതേസമയം, വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തെന്ന കേസില്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ കസ്റ്റഡിയിലെടുത്തു. കാര്‍ പേരൂര്‍ക്കട പൊലീസിന്റെ കസ്റ്റഡിയിലാണ്. KL-26-L-3030 വെള്ള കിയ കാര്‍ ആണ് കസ്റ്റഡിയിലെടുത്തത്. ഈ കാറില്‍ നിന്നാണ് പൊലീസ് കേസിലെ പ്രതികളെ പിടികൂടിയത്.
പ്രതികള്‍ കാറില്‍ സഞ്ചരിക്കവെ പൊലീസ് കൈ കാണിച്ചെങ്കിലും വാഹനം നിര്‍ത്തിയില്ല. പിന്നീട് മേട്ടുകടയില്‍ വച്ചാണ് പ്രതികളെ പിടികൂടിയതെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഒന്നും രണ്ടും പ്രതികളായ ഫെനി നൈനാന്‍, ബിനില്‍ ബിനു എന്നിവരെയാണ് ഈ കാറില്‍ നിന്നും പിടികൂടിയത്. ഇവര്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.