സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് പേരെ കാണാതായി; തെക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം
കൊച്ചി: ശക്തമായ മഴയില്‍ തെക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം. മഴക്കെടുതിയിൽ രണ്ട് പേരെ കാണാതായി. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് പലയിടത്തും അതിവർഷം ഉണ്ടായിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പുണ്ട്.
കനത്തമഴയിൽ തിരുവനന്തപുരം ജില്ലയിൽ വ്യാപക നാശനഷ്ടം ഉണ്ടായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ടെക്നോപാർക്കിനു മുന്നിൽ ദേശീയ പാതയിൽ മരം വീണു. ശ്രീകാര്യത്തും ചെമ്പഴന്തിയിലും വീടിനു മുകളിൽ മതിലിടിഞ്ഞു വീണു. താഴ്ന്ന പ്രദേശങ്ങളിലെ 250ലധികം വീടുകളിൽ വെള്ളം കയറി. നഗരത്തിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അശാസ്ത്രീയ നിർമാണങ്ങളും തോടുകളിൽ ട്രഡ്ജിങ് നടത്താത്തതുമാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. കുന്നുകുഴി, മുട്ടത്തറ ക്യാമ്പുകളിൽ 40 പെരെയും ആറ്റിപ്ര കുഴിവിള സ്കൂളിലെ ക്യാമ്പിൽ 234 ഇതരസംസ്ഥാന തൊഴിലാളികളെയും മാറ്റിപാർപ്പിച്ചു. മഴ തോർന്നതോടെ പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങി.
പത്തനംതിട്ട ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ ശബരിമല തീർത്ഥാടകർക്കാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി. ദേവസ്വം സെക്രട്ടറി, പത്തനംതിട്ട ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരോട് കാര്യങ്ങൾ വിലയിരുത്താൻ മന്ത്രി നിർദേശിച്ചു. പമ്പാ നദിയിലും കക്കാട്ടാറിലും ജലനിരപ്പുയരുന്നതിനെ തുടർന്ന് തീരദേശത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കുറുന്താർ ഭാഗത്ത് വെള്ളം കയറിയതിനെ തുടർന്ന് രണ്ടു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മഴയിൽ കോന്നി -കൊക്കാത്തോട് റോഡിന്റെ ഭാഗം തകർന്നതോടെ കൊക്കത്തോട് മേഖല ഒറ്റപ്പെട്ടു.