മാർ മാത്യു നെല്ലിക്കുന്നേലിന് മരിയാപുരത്ത് ഉജ്ജ്വല സ്വീകരണം
കരിമ്പൻ : ഗോരഖ്പൂർ രൂപതാ മെത്രാനായി അഭിഷിക്തനായ മാർ മാത്യു നെല്ലിക്കുന്നേലിന് ജന്മനാടായ മരിയാപുരത്ത് ഊഷ്മള വരവേൽപ്പ് നൽകി. സഹോദര മെത്രാന്മാരുടെ പൗരോഹിത്യ സ്വീകരണത്തിന്റെ രജത ജൂബിലിയും ആഘോഷിച്ചു. നവംബർ 5ന് ഗോരഖ്പൂറിലായിരുന്നു മാർ മാത്യു നെല്ലിക്കുന്നേലിന്റെ മെത്രാഭിഷേകം. ഇതിന് ശേഷം ആദ്യമയാണ് ഇദ്ദേഹം മരിയാപുരത്ത് എത്തിയത്. രാവിലെ 10.30 ന് അർപ്പിച്ച സമൂഹബലിയോടെ ചടങ്ങുകൾ ആരംഭിച്ചു. ഇറ്റാനഗർ രൂപതാ മുൻ മെത്രാൻ മാർ ജോൺ കാട്രുകുടിയിൽ, ഗോരഖ്പൂർ രൂപതാ മുൻ മെത്രാൻ മാർ തോമസ് തുരുത്തിമറ്റം, എന്നിവരും 50 വൈദികരും സഹകർമ്മികരായി. കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തികണ്ടത്തിൽ വചന സന്ദേശം നൽകി. നെല്ലിക്കുന്നേൽ കുടുംബം അനുഗ്രഹീത കുടുംബമാണെന്നും രണ്ട് പിതാക്കന്മാരുടെ അമ്മ മഹാഭാഗ്യം ചെയ്ത അമ്മയാണെന്നും അദ്ദേഹം അനുസ്മരിച്ചു. നൂറുകണക്കിന് വിശ്വാസികൾ ചടങ്ങുകളിൽ സംബന്ധിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പിതാക്കന്മാർക്ക് ജൂബിലി ആശംസകൾ നേർന്നു. മാറിയാപുരം ഇടവക വികാരി ഫാ. സെബാൻ മേലേട്ട് അധ്യക്ഷത വഹിച്ചു. മാർ തോമസ് തുരുത്തിമറ്റം, മാർ ജോൺ കാട്രുകുടിയിൽ, മാർ ബെന്നി ഇടത്തട്ടേൽ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. അഡ്വ. ഡീൻ കുര്യാക്കോസ് എംപി, ശ്രീ എം എം മണി എംഎൽഎ,സിഎസ്ടി സുപ്പീരിയർ ജനറൽ ഫാ. ജോജോ വരകുകാലായിൽ, സി. ലിറ്റി ഉപ്പുമാക്കൽ എസ് എ ബി എസ്, എസ്എൻഡിപി ഹൈറേഞ്ച് യൂണിയൻ പ്രസിഡണ്ട് ശ്രീ. പി രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മാർ മാറ്റുന്ന നെല്ലിക്കുന്നേൽ മറുപടി പ്രസംഗവും സി. ടെസീന നെല്ലിക്കുന്നേൽ എസ് എ ബി എസ് നന്ദിയും പറഞ്ഞു.
ഇടുക്കി രൂപത വികാരി ജനറാൾ മാരായ മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. അബ്രഹാം പുറയാറ്റ്, മോൺ. ജോസ് കരിവേലിക്കൽ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രാജി ചന്ദ്രൻ, മരിയാപുരം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ജിൻസി ജോയ്,മുൻ എംപിമാരായ ശ്രീ ഫ്രാൻസിസ് ജോർജ്, ശ്രീ ജോയ്സ് ജോർജ്, മുൻ എംഎൽഎമാരായ അഡ്വ. ഇ എം അഗസ്തി, ശ്രീ ജോസഫ് വാഴക്കൻ, ശ്രീ. സി വി വർഗീസ്, ശ്രീ ജോയി വെട്ടിക്കുഴി, ശ്രീ റോയി കെ പൗലോസ്,ശ്രീ എപി ഉസ്മാൻ തുടങ്ങി നിരവധി സാമൂഹിക രാഷ്ട്രീയ നേതാക്കൾ പിതാക്കന്മാർക്ക് ആശംസകൾ അർപ്പിച്ചു.