കട്ടപ്പന സെൻട്രൽ ജങ്ഷനിൽ ബസ് സ്റ്റോപ്പ് മാർക്ക് ചെയ്തത് കോടതി ഉത്തരവിനെ തുടർന്നെന്ന് കട്ടപ്പന നഗരസഭ അധ്യക്ഷ ഷൈനി സണ്ണി
കട്ടപ്പന സെൻട്രൽ ജങ്ഷനിൽ ബസ് സ്റ്റോപ്പ് മാർക്ക് ചെയ്തത് കോടതി ഉത്തരവിനെ തുടർന്നെന്ന് കട്ടപ്പന നഗരസഭ അധ്യക്ഷ ഷൈനി സണ്ണി.സെൻട്രൽ ജംഗ്ഷനിലെ ഓട്ടോ സ്‌റ്റാൻഡിൽ ഏഴ് ഓട്ടോ റിക്ഷകൾക്ക് മാത്രമാണ് പാർക്ക് ചെയ്യുവാൻ അനുമതിയുള്ളതെന്നും ചെയർപേഴ്സൺ പറഞ്ഞു.കട്ടപ്പന സെൻട്രൽ ജങ്ഷനിൽ ബസ് സ്റ്റോപ്പ് മാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ചയാണ് ഓട്ടോ തൊഴിലാളികളും കരാറുകാരും തമ്മിൽ തർക്കമുണ്ടായത്.
ഓട്ടോ സ്റ്റാൻഡിന് അനുവദിച്ച സ്ഥലം കൈയ്യേറിയാണ് ബസ് സ്റ്റോപ്പ് മാർക്ക് ചെയ്യുവാൻ ശ്രമം നടത്തിയത് എന്നാണ് ഓട്ടോ തൊഴിലാളികൾ ആരോപിച്ചത്. എന്നാൽ ബസ് സ്റ്റോപ്പ് മാർക്ക് ചെയ്തത് കോടതി ഉത്തരവിനെ തുടർന്നാണ് എന്ന് കട്ടപ്പന നഗരസഭാ അധ്യക്ഷ വ്യക്തമാക്കി.
സെൻട്രൽ ജംഗ്ഷനിലെ ഒരു വ്യാപാരി തന്റെ സ്ഥാപനത്തിന് മുൻപിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നതിനെതിരെ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ഇതേ തുടർന്നാണ് ഈ സ്ഥാപനത്തിന് മുൻപിൽ നിന്ന് 2 മീറ്റർ മാറി ബസ് സ്റ്റോപ്പ് മാർക്ക് ചെയ്തത്. സെൻട്രൽ ജംഗ്ഷനിൽ ഏഴ് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതിനാണ് പെർമിറ്റ് നൽകിയിട്ടുള്ളത് , ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള ബാക്കി ഭാഗം നോ പാർക്കിംഗ് ആയി നിശ്ചയിക്കണമെന്നും കോടതി വിധിയിൽ ഉണ്ടെന്ന് ചെയർപേഴ്സൺ പറഞ്ഞു.ഓട്ടോ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുവാൻ നഗരസഭയ്ക്ക് ഉദ്ദേശമില്ല.കോടതി വിധി നടപ്പാക്കുക മാത്രമാണ് നഗരസഭ ചെയ്യുന്നതെന്നും അധ്യക്ഷ കൂട്ടിച്ചേർത്തു. ബസ് സ്റ്റോപ്പ് മാർക്ക് ചെയ്യാനെത്തിയ കരാറുകാരുമായി തർക്കം ഉണ്ടായതോടെ തൊഴിലാളി യൂണിയൻ നേതാക്കളും പൊലീസുമെത്തിയാണ് ഇന്നലെ പ്രശ്നം പരിഹരിച്ചത്. മുൻപ് നോ പാർക്കിംഗ് ഏരിയ മാർക്ക് ചെയ്തിരുന്നെങ്കിലും മായ്ച്ച നിലയിലാണ്.