വായ്പാ കുടിശിക തവണ വ്യവസ്ഥയിൽ പോലും തിരിച്ചടയ്ക്കാൻ അനുവദിക്കാതെ കർഷകർക്ക് ജപ്തി നോട്ടീസ് അയച്ച് കേരള ബാങ്ക്
ഹൈറേഞ്ചിലെ വിവിധ മേഖലകളിലുള്ള കർഷകർക്കാണ് ഇത്തരത്തിൽ ജപ്തി നോട്ടീസ് എത്തുന്നത്. തവണ വ്യവസ്ഥയിൽ പണം തിരിച്ചടയ്ക്കാനോ വായ്പ പുതുക്കാനോ അനുവദിക്കാതെയാണ് ജപ്തി നോട്ടീസ് അയയ്ക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നു.
മേരികുളം സ്വദേശിയായ കർഷകൻ മകളുടെ വിവാഹ ആവശ്യത്തിനായി 2019ലാണ് 5 ലക്ഷം രൂപ വായ്പയെടുത്തത്. കൂലിപ്പണിയെടുത്ത് ഉപജീവന മാർഗം കണ്ടെത്തുന്ന ഇദ്ദേഹത്തിന് ആകെ 12 സെന്റ് സ്ഥലവും വീടും മാത്രമാണുള്ളത്. ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ഉൾപ്പെടെ 5 പേരാണ് ഇവിടെ കഴിയുന്നത്. മുൻവർഷങ്ങളിൽ കുറച്ച് തുക തിരിച്ചടച്ച് വായ്പ പുതുക്കാൻ അനുവദിച്ചിരുന്നു. എന്നാൽ ഇത്തവണ ഈ രീതിയിൽ പുതുക്കാൻ അനുവാദം നൽകാതെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഒന്നിച്ച് തുക അടയ്ക്കണമെന്നാണ് നിർദേശം.
നോട്ടീസ് ലഭിച്ച് 60 ദിവസത്തിനകം പണം പൂർണമായി അടച്ചുതീർത്തില്ലെങ്കിൽ ജപ്തി നടപടി കൈക്കൊള്ളുമെന്നാണ് മുന്നറിയിപ്പ്. നോട്ടീസ് ലഭിച്ചിട്ട് 25 ദിവസത്തോളമായി. നോട്ടീസ് പ്രകാരം ഒരുമാസം കൂടി മാത്രമാണ് പണം പൂർണമായി അടച്ചു തീർക്കാൻ അവശേഷിക്കുന്നത്. അതിനുള്ളിൽ പണം കണ്ടെത്താനാകാതെ ഈ കർഷകൻ ബുദ്ധിമുട്ടുകയാണ്. സമാനമായ രീതിയിൽ അയ്യപ്പൻകോവിൽ മേഖലയിൽ പത്തോളം കർഷകർക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ചിലർ പലിശയ്ക്ക് കടം വാങ്ങിയും മറ്റും വായ്പ തിരിച്ചടയ്ക്കാനുള്ള നെട്ടോട്ടത്തിലാണ്. എന്നാൽ ഇതിന് സാധിക്കാത്തവർ വലയുകയാണ്. കാർഷികോൽപ്പന്നങ്ങളുടെ വിലയിടിവ് അടക്കമുള്ള പ്രശ്‌നങ്ങളാൽ കർഷക ആത്മഹത്യകൾ തുടർക്കഥയാകുമ്പോൾ ജപ്തി നടപടികൾ കൂടി ഉണ്ടായാൽ മറ്റു മാർഗങ്ങളില്ലാത്ത സ്ഥിതിയിലാണ് പല കർഷകരും.