സംസ്ഥാന ബജറ്റ് ഇടുക്കിയെ അവഗണിച്ചെന്ന് ഡിസിസി പ്രസിഡൻറ്
ധനകാര്യ മന്ത്രി നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ഇടുക്കി ജില്ലയെ അവഗണിച്ചതായി ഡിസിസി പ്രസിഡൻറ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ
പതിനായിരം കോടി അടക്കം മുമ്പ് പ്രഖ്യാപിച്ച ഒരു പാക്കേജിനെ സംബന്ധിച്ചും ബജറ്റിൽ സൂചനയില്ല. കാർഷിക മേഖലയിൽ വായ്പകൾ കൂടുതൽ നൽകും എന്നതൊഴിച്ചാൽ വായ്പകൾ എഴുതിത്തള്ളുന്നതി നോ പലിശ ഒഴിവാക്കുന്നത് ഉൾപ്പെടെ കർഷകരെ സഹായിക്കുന്നതോ ആയ ഒരു പ്രഖ്യാപനവും ഇല്ല. ക്ഷീരകർഷകർക്ക് നേരിട്ട് സഹായം ലഭിക്കുന്ന പദ്ധതി, പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറക്കാൻ നടപടി,
നിലവിൽ കൃഷിഭവനിലൂടെ നൽകുന്ന കൃഷി നാശങ്ങൾക്കുള്ള സഹായധനം ഉയർത്തൽ,നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾ പുനസ്ഥാപിക്കാൻ പ്ലാന്റേഷൻ മേഖലയിലെ പാക്കേജ്, കർഷകരുടെ വായ്പ എഴുതിത്തള്ളൽ, പലിശയും പിഴപ്പലിശയും ഒഴിവാക്കൽ,കാട്ടാന അക്രമങ്ങൾക്കെതിരെ ക്രിയാത്മക നടപടി, തുടങ്ങിയവ ജില്ലയിലെ ജനങ്ങൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ബജറ്റിൽ പരാമർശങ്ങൾ ഇല്ല.
ശബരി റെയിൽ പാത, ഇടുക്കി മെഡിക്കൽ കോളേജിൽ അദ്ധ്യയനം ആരംഭിക്കൽ, ഭൂപതിവ് ചട്ടം ഭേദഗതി, തുടങ്ങിയ പ്രധാന കാര്യങ്ങൾക്കും ബജറ്റിൽ ഊന്നൽ നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു