പീരുമേട് ഹെഡ് പോസ്റ്റാഫീസ് നവീകരണം ഉടൻ
പീരുമേട് : വാര്‍ക്കകമ്പികള്‍ ദ്രവിച്ച് നിലം പൊത്താറായ പീരുമേട് ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടം മെയിന്റൻസ് ഉടൻ ആരംഭിക്കും .പോസ്റ്റുമാസ്റ്ററും മറ്റ് ജീവനക്കാരും ജീവൻ പണയംവച്ചാണ് ഏതാനും വര്‍ഷമായി ചോര്‍ന്നൊലിക്കുന്ന പോസ്റ്റ് ഓഫീസ് കെട്ടിടത്തില്‍ ജോലി ചെയ്യുന്നത്.
തപാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പോസ്റ്റ് ഓഫീസില്‍ എത്തുന്നവരും ആശങ്കയിലായിരുന്നു.പൊതുജനങ്ങളുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്നാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.
ആദ്യഘട്ടത്തില്‍ കെട്ടിടത്തിന്റെ ചോര്‍ച്ചകള്‍ തടയാനുള്ള ജോലികളാണ് ആരംഭിക്കുക. ചോര്‍ച്ച തടയുന്ന ജോലികളുടെ ഭാഗമായി ആദ്യഘട്ടത്തില്‍ മേല്‍ കൂര നിര്‍മ്മിക്കും. മേല്‍ക്കൂരയ്ക്കും മറ്റ് അറ്റകുറ്റപണികള്‍ക്കുമായി 22 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.തുടര്‍ന്ന് ഇടിഞ്ഞുവീണ ഭാഗങ്ങള്‍ ബലപ്പെടുത്തും, മൂന്നാംഘട്ടമായി ഇലക്‌ട്രിക്കല്‍ ജോലികളും പെയിന്റിങ്ങുംനടത്തും.
പണികള്‍ആരംഭിക്കുന്നതിന് മുൻപായി തപാല്‍ വകുപ്പിലെ സിവില്‍ വിങ്ങ് ഉദ്യോഗസ്ഥര്‍ കെട്ടിടം പരിശോധിച്ചു .ഉദ്യോഗസ്ഥരായ ജെ. ഇ ബാലു, എ.ഇ. ശ്രീനിവാസ്, കരാറുകാരൻ ജ്യോഷ്വാ,പോസ്റ്റ് മാസ്റ്റര്‍ ഡോ. ഗിന്നസ് മാടസ്വാമി എന്നിവരുടെ നേതൃത്തിലാണ് പരിശോധന നടത്തിയത്.
മൂന്ന് പതിറ്റാണ്ട് പഴക്കം
1989 ലാണ് താലൂക്ക് ഹെഡ് പോസ്റ്റ് ഓഫീസിനു വേണ്ടി തപാല്‍ വകുപ്പ് രണ്ടു നില കെട്ടിടം നിര്‍മ്മിച്ചത്. താഴെ പോസ്റ്റ് ഓഫീസും മുകളിലത്തെ നിലയില്‍ കോണ്‍ഫറൻസ് ഹാളും . പോസ്റ്റ് മാസ്റ്ററുടെ ക്വാര്‍ടേഴ്‌സുമായാണ് പണി പൂര്‍ത്തീകരിച്ചത്. എന്നാല്‍ കാലാകാലങ്ങളില്‍ കെട്ടിടത്തില്‍ മെയിന്റൻസ് പണികള്‍ നടത്താതെ വന്നതോടെ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ്, മഴ വെള്ളവും ഒലിച്ച് താഴെക്കിറങ്ങി കെട്ടിടം ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലായി. .