ഇടുക്കി ജില്ലാ സ്പോര്‍ട്സ് സമ്മിറ്റ് നവംബര്‍ 20 ന്
സംസ്ഥാനസര്‍ക്കാര്‍ 2024 ജനുവരിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിക്കുന്ന ‘ഇടുക്കി ജില്ലാ സ്പോര്‍ട്സ് സമ്മിറ്റ്’ നവംബര്‍ 20 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.
സംസ്ഥാനസര്‍ക്കാരിന്റെ പുതിയ കായികനയം, കേരളം മുന്നോട്ട്വയ്ക്കുന്ന കായിക സമ്പദ്ഘടന വികസനപ്രക്രിയ എന്നിവ അവതരിപ്പിക്കുന്നതിനുളള വേദിയാണ് ജനുവരി 11,12,13,14 തീയതികളില്‍ തിരുവനന്തപുരത്ത് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ‘ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് സമ്മിറ്റ് കേരള 2024’. സംസ്ഥാനത്തിന്റെ കായിക ചരിത്രത്തില്‍ സമാനതകളില്ലാത്ത ആഗോള പങ്കാളിത്തം പ്രതീക്ഷിക്കുന്ന സമ്മിറ്റില്‍ കേരളത്തെ കായിക നിക്ഷേപത്തിനും വികസനത്തിനുമുളള ഏറ്റവും മികച്ച ഇടമായി അവതരിപ്പിക്കുകയാണ് ലക്ഷ്യം.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേത്യത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ഇടുക്കി ജില്ലാ സ്പോര്‍ട്സ് സമ്മിറ്റ്’രാവിലെ 9.30 ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി. ബിനു അധ്യക്ഷത വഹിക്കും. കായികനയം, കായിക സമ്പദ്‌വ്യവസ്ഥ എന്നിവയുടെ അവതരണം, ജില്ലാതല സ്പോര്‍ട്സ് സെല്‍ രൂപീകരണം, ജില്ലാതലത്തില്‍ നടപ്പിലാക്കേണ്ട കായിക പദ്ധതികള്‍ സംബന്ധിച്ച പ്രാഥമിക രൂപരേഖ തയ്യാറാക്കല്‍, അവയുടെ ആസൂത്രണം, നിര്‍വ്വഹണം എന്നിവ സംബന്ധിച്ച കൂടിയാലോചന തുടങ്ങിയ ഇതോടനുബന്ധിച്ച് നടക്കും.
ജില്ലയിലെ എം.പി, എം.എല്‍.എമാര്‍, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ്, തദ്ദേശ സ്വയംഭരണസ്ഥാപന മേധാവികള്‍, സെക്രട്ടറിമാര്‍, മറ്റ് വകുപ്പ് മേധാവികള്‍, ജില്ലാ സ്പോര്‍ട്സ് അസോസിയേഷന്‍ ഭാരവാഹികള്‍, പ്രദേശിക സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍, കായികതാരങ്ങള്‍, കായിക അധ്യാപകര്‍, വിവിധ ക്ലബ്ബ് ഭാരവാഹികള്‍, വ്യവസായ സംരംഭകര്‍, മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയില്‍ നിന്നുളള കായികതാരങ്ങളെ ചടങ്ങില്‍ ആദരിക്കും.