ഇടുക്കി ജില്ലാ കേരളോത്സവത്തിന് മൂന്നാറിൽ തിരിതെളിഞ്ഞു
ഇടുക്കി ജില്ലാതല കേരളോത്സവത്തിന് മൂന്നാറിൽ തുടക്കമായി. മൂന്നാർ സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച കേരളോത്സവത്തിന്റെ ഉദ്ഘാടനം എം എം മണി എംഎൽഎ നിർവഹിച്ചു. കലാ സാംസ്കാരിക-കായിക രംഗങ്ങളിലെ മുന്നേറ്റം ലക്ഷ്യം വച്ചാണ് സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് തലത്തിൽ സർക്കാർ കേരളോത്സവം സംഘടിപ്പിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. വിദ്യാർഥികളുടെയും യുവജനങ്ങളുടെയും സർഗ്ഗശേഷിയും കായിക ശേഷിയും വളർത്തിയെടുക്കുകയാണ് ഇത്തരം പരിപാടികളിലൂടെയെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനത്തിന്റെ ഭാഗമായി മൂന്നാർ പെരിയവര ജംഗ്ഷൻ മുതൽ സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വരെ വർണാഭമായ ഘോഷയാത്ര നടന്നു. ബാന്റ്മേളത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ ജനപ്രതിനിധികളും മൂന്നാറിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളും അണിനിരന്നു.
ഘോഷയാത്രയിലെ മികച്ച പ്രകടനത്തിന് മൂന്നാർ സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സമ്മാനവും മൂന്നാർ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ രണ്ടാം സമ്മാനവും നേടി.
ജില്ലാതല കേരളോത്സവത്തിന്റെ ഭാഗമായി വിവിധ കലാ-കായിക-സാഹിത്യ മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. 19 ന് സമാപിക്കും.
ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു അധ്യക്ഷത വഹിച്ചു. എ. രാജ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ്, തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി,
മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി സതീഷ്കുമാർ,
ജില്ലാ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ ഉഷാകുമാരി മോഹൻ കുമാർ, എം ഭവ്യ, ജില്ലാ പഞ്ചായത്ത് അംഗം സി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.