ജില്ലയെ റേഞ്ചിനുള്ളിലാക്കും; സ്വകാര്യ കമ്പനികളുടെ അപേക്ഷയിൽ തീർപ്പ് ഉടൻ
ജില്ലയിൽ വിദ്യാർഥികളുടെ ഓൺലൈൻ പഠനവും കോവിഡ് വാക്സിനേഷൻ നടപടികളും സുഗമമായി നടത്തുന്നതിന് മെൈബൈൽ നെറ്റ്്വർക്ക് കമ്പനികളുടെ കവറേജ് ശേഷി വർധിപ്പിക്കാൻ നടപടികളുമായി ജില്ലാ ഭരണകൂടം. ജില്ലയിലെ വിവിധ മേഖലകളിലുള്ള കുട്ടികൾക്ക് പഠനാവശ്യത്തിന് നെറ്റ്‌വർക്ക് ലഭിക്കുന്നില്ലെന്ന പരാതികളെ തുടർന്നാണ് നടപടി. ഇത് സംബന്ധിച്ച് ജില്ലയുടെ ചുമതലയുള്ള ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ യോഗം ചേർന്നു.
ടവർ പങ്കുവെയ്ക്കും
സ്വകാര്യ സംരംഭകർക്ക് ടവറുകളില്ലാത്ത ഇടങ്ങളിൽ ബി.എസ്.എൻ.എലിന്റെ ടവറുകൾ പങ്കുവെയ്ക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മന്ത്രി നിർദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് യോഗത്തിൽ തന്നെ തിരുവനന്തപുരത്ത് ബി.എസ്.എൻ.എൽ. ചീഫ് ജനറൽ മാനേജരുമായും മന്ത്രി സംസാരിച്ചു.
ജില്ലയിൽ 11 ഇടങ്ങളിൽ ബി.എസ്.എൻ.എലിന്റെ ടവറുകൾ പങ്കുവയ്ക്കുന്നതിന് ജിയോ അപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ചീഫ് ജനറൽ മാനേജർ അറിയിച്ചു. മൂന്നാർ തോട്ടം മേഖലയിൽ 14 ടവറുകൾ സ്ഥാപിക്കുന്നതിന് കെ.ഡി.എച്ച്.പി.ക്ക് ജിയോ അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ സ്ഥലമുടമ ടാറ്റ കമ്പനിയായതിനാൽ അവരുടെ അനുമതി ഇതിനാവശ്യമാണ്.
സ്ഥലമുടമകൾ റെഡി
മക്കുവള്ളി, മനയത്തടം, കൈതപ്പാറ, വട്ടവട, സ്വാമിയാർകുടി എന്നിവിടങ്ങളിൽ ടവർ സ്ഥാപിക്കാൻ തയ്യാറായി സ്ഥലമുടമകൾ മുന്നോട്ടുവന്നിട്ടുണ്ട്.
ഇവരുടെ ഭൂമിയുടെ രേഖ സംബന്ധിച്ച വിഷയങ്ങൾ അടിയന്തരമായി പരിശോധിച്ചു പരിഹാരം കാണാനാണ് ശ്രമം.
അറക്കുളം പതിപ്പള്ളിയിലും നാടുകാണിയിലും ബി.എസ്.എൻ.എൽ. ടവറുകളുടെ ശേഷി പരമാവധിയിലെത്തിയ സാഹചര്യത്തിൽ അവിടങ്ങളിൽ സ്വകാര്യ സംരംഭകർക്ക് ടവർ പങ്കുവെയ്ക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും.
മുടങ്ങുന്നു, പഠനവും രജിസ്ട്രേഷനും
മൂന്നാർ, തെന്മല, കല്ലാർ എന്നിവിടങ്ങളിൽ മൊബൈൽ റേഞ്ച് ലഭിക്കാത്തത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ട്. ഓൺലൈൻ പഠനം കൂടാതെ വാക്സിനേഷൻ രജിസ്ട്രേഷനും യഥാസമയം നടത്താൻ കഴിയുന്നില്ല.
സ്വകാര്യ വ്യക്തികളിൽനിന്ന് സമ്മതപത്രം വാങ്ങി ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ടവറുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കുമെന്നു ജില്ലാ കളക്ടർ എച്ച്. ദിനേശൻ. ഇടമലക്കുടിയിൽ കാട്ടാനകൾ ടവർ തകർക്കുന്ന സാഹചര്യത്തിൽ മുള്ളുവേലി സ്ഥാപിക്കണമെന്ന് ഗ്രാമപ്പഞ്ചായത്തിനോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് ബി.എസ്.എൻ.എൽ. ഡി.ജി.എം. ജെസി അറിയിച്ചു. ടവറില്ലാത്ത സ്ഥലങ്ങളിൽ അവ സ്ഥാപിക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഡീൻ കുര്യാക്കോസ് എം.പി., ദേവികുളം സബ്കളക്ടർ പ്രേംകൃഷ്ണൻ, എ.ഡി.എം. ടി.വി.രഞ്ജിത്ത്, വിവിധ മൊബൈൽ സേവനദാതാക്കളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.