കൃഷി കാടുകയറി; ദുരിതത്തിൽ പൈനാപ്പിൾ കർഷകർ
പൈനാപ്പിൾ വില ഇടിഞ്ഞതോടെ പൈനാപ്പിൾ കർഷകർ ദുരിതത്തിലായി. പൈനാപ്പിൾ വിറ്റഴിക്കാൻ മാർഗമില്ലാതെ കർഷകർ റോഡരികിൽ കൂട്ടിയിട്ടു വിൽപന നടത്തുന്നു. ഒരു കിലോ പൈനാപ്പിൾ കൃഷിചെയ്യാൻ ചെലവിനത്തിൽ 14 രൂപയോളം ചെലവാകുമ്പോൾ പൈനാപ്പിൾ വാഴക്കുളം മാർക്കറ്റിലേക്കു എത്തിച്ചാൽ മുടക്കുമുതലിന്റെ പകുതിപോലും ലഭിക്കില്ലെന്നു കർഷകർ പറയുന്നത്. ഇതുമൂലം പലരും പൈനാപ്പിൾ കൃഷി ഉപേക്ഷിച്ചമട്ടാണ്. പലയിടങ്ങളിലും കൃഷി കാടുകയറി കിടക്കുകയാണ്.
തൊടുപുഴ താലൂക്കിൽ റബർത്തൈകൾ നടുമ്പോൾ ഇടവിളയായി ഏറ്റവും കൂടുതൽ കർഷകർ പൈനാപ്പിളാണ് കൃഷിചെയ്യുന്നത്. ആവർത്തനക്കൃഷി ചെയ്യുമ്പോൾ 3 വർഷത്തേക്ക് വരുമാനമായി ഏറ്റവും നല്ല ഇടവിളയായി പൈനാപ്പിൾ കൃഷി ചെയ്യുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ ഇതര സംസ്ഥാനങ്ങളിലേക്കു പൈനാപ്പിൾ കയറ്റി അയയ്ക്കാൻ ആകുന്നില്ല. ഇതോടെ പൈനാപ്പിൾ വിലയിടിഞ്ഞു.
രണ്ടാം തരംഗത്തിനും മുൻപ് കിലോയ്ക്ക് 40 രൂപ വരെ വിലയുണ്ടായിരുന്ന പൈനാപ്പിളിന് ഇപ്പോൾ 10 രൂപയാണ് കർഷകർക്ക് ലഭിക്കുന്ന വില. പൈനാപ്പിൾ വാഴക്കുളം മാർക്കറ്റിലേക്കു എത്തിക്കാൻ കയറ്റിറക്കു കൂലി വാഹനവാടക അടക്കം നല്ലൊരു തുക ചെലവാകും. ഇത്രയും പണം മുടക്കി മാർക്കറ്റിൽ എത്തിച്ചാലും കയറ്റി അയയ്ക്കാൻ മാർഗമില്ലാത്തതിനാൽ വ്യാപാരികളും പൈനാപ്പിൾ വാങ്ങാൻ മടിക്കുകയാണെന്നു കർഷകർ പറയുന്നത്.