‘ദേശാഭിമാനി എഴുതിയാൽ ബാധിക്കുന്നത് പാർട്ടിയെ, മനുഷ്യർക്ക് പിശക് പറ്റും’; ഇ.പി ജയരാജൻ
സാമ്പത്തിക പ്രതിസന്ധി ഇല്ലാത്ത ഏതെങ്കിലും കാലഘട്ടം കേരളത്തിലുണ്ടായിട്ടുണ്ടോയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സാമ്പത്തിക പ്രതിസന്ധി കാരണം പരിപാടികൾ ഒഴിവാക്കാൻ കഴിയുമോ?. വികസന നേട്ടങ്ങൾ നാടിന് ആവശ്യമാണ്. കേരളീയത്തിൽ നിന്ന് വിട്ട് നിന്നതോടെ പ്രതിപക്ഷം ഒറ്റപ്പെട്ടു. പ്രതിപക്ഷത്തിനൊപ്പം സഞ്ചരിക്കുന്ന ദുഃഖം ബിജെപിക്കുമുണ്ട്. പ്രതിസന്ധികൾക്കിടയിലൂടെ സഞ്ചരിച്ച് പ്രതിസന്ധിയെ തരണം ചെയ്ത് ജനങ്ങളെ കാത്തുസൂക്ഷിക്കുകയാണ് ഭരണം. ആ ഭരണമാണ് കേരളത്തിൽ ഉള്ളത്. ക്ഷേമ പെൻഷൻ നൽകുന്നു, നെൽ കർഷകർക്ക് പണം അനുവദിക്കുന്നു, കേരളത്തിലെ ഭരണത്തെ അഭിനന്ദിക്കൂവെന്ന് അദ്ദേഹം പ്രതികരിച്ചു.
എല്ലാ മാധ്യമങ്ങൾക്കും പറ്റാവുന്ന പിശകാണ് ദേശാഭിമാനിക്കും പറ്റിയത്.
അത് ദേശാഭിമാനി തിരുത്തി. ജീവിച്ചിരിക്കുന്ന ആളിന്റെ പടം മരിച്ച ആളിന്റെതായി നൽകിയിട്ടില്ലേ,മനുഷ്യർക്ക് പിശക് പറ്റും. ആ പാവപ്പെട്ട സ്ത്രീയെ നിർബന്ധിച്ചു കൊണ്ടു പോയി കേസു കൊടുപ്പിച്ചു. ആദ്യമായി തെറ്റു പറ്റിയ മാധ്യമമാണോ ദേശാഭിമാനി. തെറ്റ് എല്ലാ മനുഷ്യർക്കും പറ്റും.
എന്നെക്കുറിച്ച് തന്നെ എന്തെല്ലാം എഴുതിയിട്ടുണ്ട് അതൊക്കെ തിരുത്തിയോ?.
പാർട്ടിയെ ബാധിച്ച കളങ്കം തന്നെയാണ്, ദേശാഭിമാനി എഴുതിയാൽ ബാധിക്കുന്നത് പാർട്ടിയെ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെയുള്ള തെരഞ്ഞെടുപ്പുകളിലും ഈ വ്യാജ ഐഡി കാർഡുകൾ കോൺഗ്രസ് ഉപയോഗിച്ചിട്ടുണ്ടാകണം. സ്വന്തമായി വ്യാജ ഐഡി കാർഡുകൾ ഉണ്ടാക്കാനുള്ള സംവിധാനം കോൺഗ്രസിനുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാരും ഇത് ഗൗരവത്തിൽ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരേഷ് ഗോപി മറിയക്കുട്ടിയെ കണ്ടിട്ട് വരട്ടെ, അദ്ദേഹത്തെ സിനിമയിലൊന്നും കാണാനില്ല. ബിജെപിയിൽ വലിയ നേതാവല്ലേയെന്നും എന്തെങ്കിലും ചെയ്യണ്ടേയെന്നും ഇ.പി.ജയരാജൻ പരിഹസിച്ചു.