കോടികൾ മുടക്കി നിർമിച്ച കെട്ടിടങ്ങളും വാച്ച് ടവറും കാടുകയറി നശിക്കുന്നു: ഒന്നു തിരിഞ്ഞ് നോക്കാം!
കുമളി ∙ ഒട്ടകത്തലമേട്ടിൽ ജില്ലാ പഞ്ചായത്ത് വ്യവസായ കേന്ദ്രമായും പിന്നീട് ടൂറിസ്റ്റ് അമിനിറ്റി സെന്ററുമാക്കിയ, കോടികൾ മുടക്കി നിർമിച്ച കെട്ടിടങ്ങളും വാച്ച് ടവറും കാടുകയറി നശിക്കുന്നു. അധികൃതർ തിരിഞ്ഞുനോക്കാതായതോടെ ഇതു സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. കുമളി, ചക്കുപള്ളം പഞ്ചായത്തുകളുടെ അതിർത്തിയായ ഒട്ടകത്തലമേട്ടിലെ പ്രകൃതി മനോഹരമായ സ്ഥലത്താണ് വിനോദസഞ്ചാരികൾക്ക് വിശ്രമകേന്ദ്രവും, വാച്ച് ടവറുമെല്ലാം ഒരുക്കിയിരിക്കുന്നത്.
ആദ്യം വ്യവസായ കേന്ദ്രം എന്ന പേരിലാണ് നിർമാണം ആരംഭിച്ചത്. ഇതിനായി കെട്ടിടം നിർമിച്ചെങ്കിലും അന്നത്തെ ഭരണസമിതി മാറിയതോടെ തുടർനടപടികൾ മുടങ്ങി. ഏറെക്കാലം അനാഥമായിക്കിടന്ന സ്ഥലം പിന്നീട് വന്ന ഭരണസമിതി ടൂറിസ്റ്റ് അമിനിറ്റി സെന്ററാക്കാൻ തീരുമാനിക്കുകയും വീണ്ടും വൻതുക ചെലവഴിച്ച് കെട്ടിടങ്ങളും വാച്ച് ടവറും നിർമിക്കുകയും ചെയ്തു. എന്നാൽ ഇതിന്റെ നടത്തിപ്പ് സംബന്ധിച്ച് ഒരു തീരുമാനവും ഉണ്ടായില്ല. ഈ സമയത്ത് ആ ഭരണസമിതിയുടെയും കാലാവധി കഴിഞ്ഞിരുന്നു.
തുടർന്ന് വന്ന ഭരണസമിതി ഇവിടെ പ്രത്യേകിച്ചൊന്നും ചെയ്തില്ല. ഇപ്പോൾ പ്രദേശമാകെ കാടുകയറിക്കിടക്കുകയാണ്. വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന പ്രദേശത്ത് ഇത്രയേറെ സൗകര്യങ്ങളൊരുക്കിയിട്ടും അതു പ്രയോജനപ്പെടുത്താതെ നശിപ്പിക്കുന്നതിൽ പരിസരവാസികൾക്ക് പ്രതിഷേധമുണ്ട്. പുതിയ ഭരണസമിതിയെങ്കിലും ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്നാണ് ആളുകളുടെ പ്രതീക്ഷ.
‘ജില്ലാ പഞ്ചായത്തിന് കീഴിൽ ഒട്ടകത്തലമേട്ടിലുള്ള അമിനിറ്റി സെന്ററിന്റെ പ്രവർത്തനം നല്ല രീതിയിൽ ആരംഭിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാട് തെളിക്കുന്നത് സംബന്ധിച്ച് കുമളി പഞ്ചായത്തുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവിടേക്ക് വൈദ്യുതി, വെള്ളം എന്നിവ ലഭ്യമാക്കാൻ 5 ലക്ഷം രൂപയുടെ കരാർ നൽകിയിട്ടുണ്ട്. കുമളി ഒന്നാംമൈലിൽ നിന്ന് ഇവിടേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.-രാരിച്ചൻ നീറണാക്കുന്നേൽ ജില്ലാ പഞ്ചായത്തംഗം.