ഇടുക്കി കരിമണലിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ലോറി പോലീസ് പിടികൂടി
ഇടുക്കി കരിമണലിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ലോറി പോലീസ് പിടികൂടി. ലോറി ഡ്രൈവർ ചാലക്കുടി കൊടകര സ്വദേശി കോഴിക്കോടൻ വീട്ടിൽ വിപിൻ(29) നെ ആണ് കരിമണൽ പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിനിടയാക്കിയ അശോക് ലൈലാൻഡ് ലോറിയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ബുധനാഴ്ച പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. ഇടുക്കി നേര്യമംഗലം റൂട്ടിൽ തട്ടേക്കണ്ണിക്ക് സമീപം ഓഡിറ്റ് ഒന്നിൽ വിജനമായ പ്രദേശത്ത് ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം ലോറി നിർത്താതെ പോവുകയായിരുന്നു. അപകടത്തിൽ തോപ്രാംകുടി സ്വദേശി മുണ്ടക്കൽ ഡെന്നി(34)യെ ഇതുവഴി എത്തിയ കാർ യാത്രക്കാർ പാതയോരത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കരിമണൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ജോർജ് ഇൻഫ്ര പ്രൈവറ്റ് ലിമിറ്റഡിന്റെ ലോറിയാണ് ഇടിച്ചതെന്ന് കണ്ടെത്തി.
അണക്കരയിൽ ലോഡ് ഇറക്കിയ ശേഷം തിരിച്ചുപോകും വഴിയാണ് അപകടം നടന്നത്. ലോറിയിൽ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സംഭവസ്ഥലം മുതൽ കോതമംഗലം വരെയുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ച പോലീസ് അപകടത്തിനിടയാക്കിയ ലോറി കണ്ടത്തുകയായിരുന്നു. കരിമണൽ സി.ഐ സിനോദ് .കെ, എസ്.ഐ മാരായ രാജേഷ് കുമാർ, സി.ആർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.