ആശുപത്രി പ്രതിസന്ധി ചർച്ചയാക്കി ബൈസ്റ്റാൻറർ; പ്രകാശന വേദിയിൽ ആംബുലൻസ് ഡ്രൈവർമാർക്ക് ആദരവുമായി എഴുത്തുകാരൻ
കട്ടപ്പന: മാധ്യമപ്രവർത്തകനായ സോജൻ സ്വരാജ് എഴുതിയ ‘ബൈസ്റ്റാൻഡർ’ എന്ന പുസ്തകത്തിൻറെ പ്രകാശന വേദിയിൽ ഹൈറേഞ്ചിലെ ആംബുലൻസ് ഡ്രൈവർമാരെ ആദരിക്കുന്നു. ഗുരുതര പക്ഷാഘാതത്തെ തുടർന്ന് തളർന്നുപോയ തൻറെ അമ്മയുടെ അതിജീവനവും ഹൈറേഞ്ചിലെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങളെയും കുറിച്ച് ചർച്ച ചെയ്യുന്ന പുസ്തകം ഇതിനോടകം ചർച്ചയായി കഴിഞ്ഞു.
പുസ്തകത്തിൻറെ പ്രകാശനം 18ന് ഉച്ചക്ക് 2ന് മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണി കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റി ഹാളിൽ നിർവഹിക്കും. ഈ ചടങ്ങിലാണ് തൻറെ അമ്മയെ അമൃത ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർക്ക് ഒപ്പം ഹൈറേഞ്ചിലെ മറ്റ് ആംബുലൻസ് ഡ്രൈവർമാരെയും ആദരിക്കാൻ എഴുത്തുകാരൻ തീരുമാനിച്ചത്. മലനാടിൽ നിന്നും ജീവനുംകൈയ്യിലെടുത്ത് പായുന്ന ഓരോ രോഗിയുടേയും കൂട്ടിരിപ്പുകാരൻറെയും കഥയിലെ നായകന്മാരാണ് ഈ ഡ്രൈവർമാരെന്ന് സോജൻ പറയുന്നു.
ഇടുക്കി യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി പുസ്തകം സ്വീകരിക്കും. ബിജെപി ജില്ലാ സെക്രട്ടറി രതീഷ് വരകുമല കാഞ്ചിയാർ സ്നേഹത്തണൽ വയോജന കേന്ദ്രത്തിനായുള്ള പുസ്തകം കൈമാറും. മാധ്യമപ്രവർത്തകൻ എം. സി. ബോബൻ പുസ്തക പരിചയം നടത്തും. പ്രവീൺ വട്ടമല, കെ.എൻ വിനീഷ് കുമാർ,
ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറി ജെയ്സ് വാട്ടപ്പിള്ളിൽ, സി. ലിൻസി മരിയ (എഫ്.സി.സി ), സി.പി.എം. ഏരിയ സെക്രട്ടറി വി.ആർ സജി,സി.പി.ഐ മണ്ഡലം സെക്രട്ടറി
വി.ആർ ശശി, കട്ടപ്പന പ്രസ് ക്ലബ് പ്രസിഡന്റ് ജെയ്ബി ജോസഫ്, ജോസ് വെട്ടിക്കുഴ, തോമസ് ജോസ്, ബെന്നി കളപ്പുരയിൽ, സോജൻ സ്വരാജ് എന്നിവർ സംസാരിക്കും. കൈപ്പട പബ്ലിക്കേഷൻ ആണ് പ്രസാധകർ.